തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലർമാർ തമ്മിൽ വൻ സംഘർഷം; മേയർ വി.വി. രാജേഷിന്റെ കാലിന് പ്ലാസ്റ്ററിട്ടു, ഡെപ്യൂട്ടി മേയർ ഉൾപ്പെടെ നിരവധി പേർ ചികിത്സയിൽ.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ്-ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ വൻ സംഘർഷത്തെ തുടർന്ന് മേയർ വി.വി. രാജേഷിനെയും ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും നിലവിൽ തീവ്ര പരിചരണത്തിലും ചികിത്സയിലുമാണ്. സംഘർഷത്തിൽ പരിക്കേറ്റ മേയർ വി.വി. രാജേഷിന്റെ ഇടത് കാലിന് പ്ലാസ്റ്ററിട്ടിട്ടുണ്ട്. കൃത്യമായ ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഹൈക്കോടതി സത്യപ്രതിജ്ഞ റദ്ദാക്കിയ സാഹചര്യത്തിൽ, തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി കൗൺസിലർമാർ കഴിഞ്ഞ ദിവസം വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൗൺസിൽ ഹാളിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കാപ്പ (KAAPA) കേസിൽ പ്രതിയായി നിലവിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ കൗൺസിലിൽ നിന്നും അടിയന്തിരമായി പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് എൽഡിഎഫ് അംഗങ്ങൾ മേയറുടെ ഓഫീസിന് മുന്നിൽ ഇന്ന് ഉപരോധ സമരം നടത്തിയത്. മേയറെ ഓഫീസിനുള്ളിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും തുടർന്ന് കൈയാങ്കളിയുമുണ്ടാവുകയായിരുന്നു. സംഘർഷത്തിൽ വനിതാ എൽഡിഎഫ് കൗൺസിലർമാർ അടക്കം നിരവധി ജനപ്രതിനിധികൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
മേയർ ഉൾപ്പെടെ ആകെ 14 പേരാണ് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. സംഘർഷത്തിനിടെ കാട്ടായിക്കോണം വാർഡ് കൗൺസിലർ സിന്ധുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും തലയിൽ നാല് തുന്നലുകൾ (Stitches) ഇടേണ്ടി വരികയും ചെയ്തു. തങ്ങളുടെ ആറ് കൗൺസിലർമാർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് എൽഡിഎഫ് നേതൃത്വം അറിയിച്ചു. അതേസമയം തങ്ങളുടെ ഭാഗത്തുനിന്നും ആറ് കൗൺസിലർമാർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ബിജെപിയും അവകാശപ്പെട്ടു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Short Brief
Clashes erupted at the Thiruvananthapuram Corporation between LDF and BJP councillors, resulting in injuries to several individuals, including Mayor V V Rajesh and Deputy Mayor G S Ashanath. Mayor Rajesh’s left leg has been placed in a plaster cast, and 14 individuals are currently undergoing medical treatment at the Trivandrum Medical College. The conflict began when LDF councillors blocked the Mayor’s office entrance, demanding the ouster of BJP councillor Sugathan, who is currently jailed under the KAAPA act. The incident follows the re-swearing-in of 19 BJP councillors after the High Court nullified their previous oaths due to procedural non-compliance.
(With inputs from MN)
For more details: The Indian Messenger



