സിന്ധു നദി ജലകരാറിൽ ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ ഭീഷണി; ‘ആ കൈ ഞങ്ങൾ വെട്ടിമാറ്റും’ എന്ന് പാക് മന്ത്രി മൊസാദിക് മാലിക്.
ഇസ്ലാമാബാദ്: സിന്ധു നദി ജലകരാർ (IWT) പ്രകാരം പാകിസ്ഥാന് ലഭിക്കേണ്ട ജലവിഹിതം നിയന്ത്രിക്കാൻ ഇന്ത്യ ശ്രമിക്കുന്നതായി പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന മന്ത്രി മൊസാദിക് മാലിക് ആരോപിച്ചു. പാകിസ്താന്റെ ജലവിഹിതം തട്ടിയെടുക്കാൻ ശ്രമിച്ചാൽ അതിനെതിരെ കടുത്ത രീതിയിൽ പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് മാലിക് ഇന്ത്യക്കെതിരെ കടുത്ത ഭാഷയിൽ സംസാരിച്ചത്. 2025 ഏപ്രിലിൽ 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, 1960-ലെ സിന്ധു നദി ജലകരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം പരിമിതപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുകയാണെന്ന് മാലിക് ആരോപിച്ചു.
“അയൽരാജ്യത്തെ പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലാണ് ആ ജലടാപ്പുള്ളത്. പാകിസ്ഥാനിലേക്ക് ഒരു തുള്ളി വെള്ളം പോലും ഒഴുക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്,” മൊസാദിക് മാലിക് പറഞ്ഞു. പാകിസ്ഥാനിലെ 40-50 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ജലവിതരണം തടസ്സപ്പെടുന്നത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും തൊഴിലിനെയും സമ്പദ്‌വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം വാദിച്ചു. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും 50 ശതമാനം തൊഴിലിനെയും 25 ശതമാനം സമ്പദ്‌വ്യവസ്ഥയെയും മറ്റൊരു രാജ്യം നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ പാകിസ്ഥാൻ തങ്ങളുടെ നിലപാട് ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇവിടെ നീതിയുടെ ഒരു ചോദ്യമുണ്ട്. ഞങ്ങൾ ഞങ്ങളെത്തന്നെ സംരക്ഷിക്കും. ഇത് ഞങ്ങൾ വെറുതെ പ്രഖ്യാപിക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് ഞങ്ങളുടെ ജലവിഹിതത്തിന് മേൽ ആരെങ്കിലും കൈവെച്ചാൽ ആ കൈ ഞങ്ങൾ വെട്ടിമാറ്റുമെന്ന് തെളിയിച്ചിട്ടുള്ളതുമാണ്,” മാലിക് ആക്രോശിച്ചു. ഔദ്യോഗിക കരാറുകൾ ഇല്ലെങ്കിൽപ്പോലും നദികൾ അതിരുകൾക്കപ്പുറത്തേക്ക് ഒഴുകുന്നത് തുടരുമെന്ന് മാലിക് വാദിച്ചു. നദിയുടെ മുകൾഭാഗത്തുള്ള രാജ്യത്തിന് താഴെയുള്ള രാജ്യത്തേക്കുള്ള ജലപ്രവാഹം തടയാൻ അവകാശമുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, തങ്ങൾക്ക് ഒരു അന്താരാഷ്ട്ര കരാർ നിലവിലുണ്ടെന്നും അതിനാൽ വെള്ളം തടയാൻ ആർക്കും കഴിയില്ലെന്നും നാളെ അന്താരാഷ്ട്ര തലത്തിൽ ഈ വിഷയം അവതരിപ്പിക്കുമെന്നും വ്യക്തമാക്കി.
മൊസാദിക് മാലിക്കിന്റെ ഈ പരാമർശങ്ങൾ ‘ഡോൺ’ ഉൾപ്പെടെയുള്ള പ്രമുഖ പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഇതേ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത പാകിസ്ഥാൻ വിവരസാങ്കേതിക മന്ത്രി അത്താഉല്ല തരാറും സിന്ധു നദി ജലകരാർ നിയമപരമായി നിലനിൽക്കുന്നതാണെന്നും ഏകപക്ഷീയമായി അതിൽ ഭേദഗതി വരുത്താനോ റദ്ദാക്കാനോ കഴിയില്ലെന്നും വ്യക്തമാക്കി. പാകിസ്ഥാന്റെ ഈ നിലപാടിന് അന്താരാഷ്ട്ര പിന്തുണയുണ്ടെന്ന് തരാർ അവകാശപ്പെട്ടു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ചീഫ് ഓഫ് ആർമി സ്റ്റാഫ് ഫീൽഡ് മാർഷൽ ആസിം മുനീറും പലതവണ ആവർത്തിച്ചിട്ടുള്ളതുപോലെ “വെള്ളം ഞങ്ങളുടെ ജീവരേഖയും ഒപ്പം ഞങ്ങളുടെ റെഡ് ലൈനുമാണ്” എന്ന് തരാർ കൂട്ടിച്ചേർത്തു.
Short Brief
Pakistan’s Climate Change Minister Musadik Malik has issued a stern warning to India over the Indus Waters Treaty, stating that Islamabad would firmly protect its allocated waters and “cut off the hand” of anyone attempting to deprive it of its share. Malik accused India of restricting water flows after New Delhi put the 1960 treaty in abeyance following the April 2025 Pahalgam terror attack. Pakistan highlighted that over 40-50% of its population relies on agriculture, making water security a matter of national survival, while Information Minister Attaullah Tarar asserted that the treaty remains legally binding and cannot be unilaterally amended.
(With inputs from TNIE)
For more details: The Indian Messenger



