പിള്ളേരിനി മോഡിഫൈ ചെയ്യട്ടേ! ജെൻസികൾക്ക് നൽകിയ വാക്കുപാലിക്കാൻ മുഖ്യമന്ത്രി; 18 തരം വാഹന മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകാൻ മോട്ടോർ വാഹന വകുപ്പ്.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയ “പിള്ളേരിനി മോഡിഫൈ ചെയ്യട്ടേ…” എന്ന വി.ഡി. സതീശന്റെ റീൽ ചെന്നെത്തിയത് ജെൻസി (Gen Z) തലമുറയുടെ ഹൃദയത്തിലേക്കായിരുന്നു. തെരഞ്ഞെടുപ്പിൽ ജെൻസികൾ അകമഴിഞ്ഞു സഹായിച്ചതോടെ വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തുകയും ചെയ്തു. ഇപ്പോൾ അധികാരത്തിൽ ഏറിയതോടെ യുവാക്കൾക്ക് നൽകിയ ആ വാക്ക് പാലിക്കുകയാണ് വി.ഡി. സതീശൻ സർക്കാർ. വാഹന പ്രേമികൾക്കായി മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകാൻ മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) ഒരുങ്ങുകയാണ്.
സ്റ്റിക്കറുകളും ലൈറ്റുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിഫിക്കേഷനുകൾ അനുവദിക്കുമെന്നാണ് എം.വി.ഡി അറിയിച്ചിട്ടുള്ളത്. എന്നാൽ ഇക്കാര്യത്തിൽ സർക്കാരിന്റെ അന്തിമ അഭിപ്രായം അറിഞ്ഞതിന് ശേഷമായിരിക്കും ഔദ്യോഗിക തീരുമാനമുണ്ടാകുക. വാഹനങ്ങളുടെ നിറം മാറ്റുന്നതിന് പ്രത്യേക ഫീസ് അടയ്ക്കുകയും മുൻകൂർ അനുമതി വാങ്ങുകയും വേണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനുപുറമെ അധിക സ്പീക്കറുകൾ ഘടിപ്പിക്കുന്നതിനും അനുമതിയുണ്ടാകും. ഇതുസംബന്ധിച്ച് ഗതാഗത കമ്മീഷൻ വിശദമായ പഠന റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. സീറ്റ് കവർ, ഫ്ലോർ മാറ്റ്, സ്റ്റീയറിങ് വീൽ കവർ, ഡാഷ് ക്യാം, റിവേഴ്സ് ക്യാം, പാർക്കിങ് സെൻസറുകൾ, ജി.പി.എസ് ട്രാക്കർ, റൂഫ് കാരിയറുകൾ തുടങ്ങി സൺ ഫിലിം ഒട്ടിക്കുന്നതിന് വരെ ഇളവുകൾ നൽകാൻ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് മോഡിഫിക്കേഷനെ പറ്റിയുള്ള ചോദ്യത്തിന് മറുപടി നൽകുമ്പോൾ മുഖ്യമന്ത്രിയുടെ മുഖത്തുണ്ടായ ആ ‘പൂക്കി’ ചിരി സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റായിരുന്നു.
അതേസമയം, വാഹനങ്ങളുടെ രൂപമാറ്റം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെയും സുപ്രീം കോടതിയുടെയും നിലവിലുള്ള നിയമങ്ങൾ വലിയ വെല്ലുവിളിയുയർത്തുന്നുണ്ട്. നിലവിലെ നിയമപ്രകാരം വാഹനങ്ങൾക്ക് രൂപമാറ്റം അനുവദിക്കാനുള്ള പൂർണ്ണ അധികാരം കേന്ദ്ര സർക്കാരിനാണ്. കേന്ദ്ര മോട്ടോർ വാഹന നിയമവും സുപ്രീം കോടതി, ഹൈക്കോടതി ഉത്തരവുകളും ഇത്തരം മോഡിഫിക്കേഷനുകൾക്ക് എതിരാണ്. റോഡ് സുരക്ഷയെയും പരിസ്ഥിതിയെയും ബാധിക്കുന്ന ഒരിളവും നിയമപരമായി അനുവദിക്കില്ലെന്ന് സുപ്രീം കോടതി മുൻപ് വ്യക്തമാക്കിയിട്ടുള്ളതുമാണ്. 1988 ലെ മോട്ടോർ വാഹന നിയമം വകുപ്പ് 52 അനുസരിച്ച്, വാഹന നിർമ്മാതാക്കൾ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അപ്പുറമുള്ള ഒരു രൂപമാറ്റവും അനുവദിക്കാൻ സാധിക്കില്ല.
കേരള മോട്ടോർ വാഹന ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ രൂപമാറ്റത്തിന് മുൻപ് അനുമതി നൽകിയ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് തള്ളിക്കൊണ്ട് 2019-ൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഈ രംഗത്ത് നിർണായകമാണ്. കേന്ദ്ര നിയമത്തെ മറികടന്ന് സംസ്ഥാനത്തിന് എങ്ങനെ പുതിയ ഇളവുകൾ നൽകാൻ സാധിക്കുമെന്നാണ് നിയമവിദഗ്ധർ ചോദിക്കുന്നത്. കൂടാതെ, ചട്ടവിരുദ്ധമായി മോഡിഫിക്കേഷൻ വരുത്തിയ വാഹനങ്ങൾക്ക് അപകടമുണ്ടായാൽ ഇൻഷുറൻസ് ക്ലെയിം നിഷേധിക്കപ്പെടാനും ഇത് കാരണമാകുമെന്ന് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു.
മോഡിഫിക്കേഷൻ തടഞ്ഞുകൊണ്ട് 2006-ൽ കേരള ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് മുൻപ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുകൂലമായ ഉത്തരവ് നൽകിയത്. എന്നാൽ ഇതിനെതിരെ മോട്ടോർ വാഹന വകുപ്പ് നൽകിയ അപ്പീലിൽ സുപ്രീം കോടതിയുടെ വിധി രൂപമാറ്റത്തെ പൂർണ്ണമായി വിലക്കുന്നതായിരുന്നു. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 52 മറികടക്കാൻ സംസ്ഥാനത്തിന് സ്വന്തമായി ചട്ടങ്ങൾ നിർമ്മിക്കാൻ സാധിക്കില്ലെന്നായിരുന്നു അന്ന് അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി കേരള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയത്. എങ്കിലും ചെറുപ്പക്കാരെ കയ്യിലെടുക്കാൻ പറഞ്ഞ വാക്ക് ഭരണം കിട്ടിയ ഉടൻ തന്നെ പാലിക്കാൻ മുന്നിട്ടിറങ്ങിയ വി.ഡി. സതീശൻ സർക്കാരിന്റെ ഈ മാസ്സ് എൻട്രിക്ക് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള കൈയടിയാണ് ഇപ്പോൾ ലഭിക്കുന്നത്.
Brief Summary
Following its election victory, the V.D. Satheesan-led UDF government is moving to fulfill its campaign promise to Gen Z voters regarding vehicle modifications. The Motor Vehicles Department (MVD) has drafted a report to allow 18 types of minor modifications, including sun films, body color changes (with prior permission and fees), dash cams, roof carriers, and extra speakers. However, this move faces strict legal hurdles, as Section 52 of the Central Motor Vehicles Act of 1988 and a crucial 2019 Supreme Court ruling explicitly prohibit modifications that alter original manufacturing specifications. While legal experts raise concerns over jurisdiction and potential insurance claim rejections, the government’s swift initiative is receiving massive applause on social media.
(With inputs from MN)
For more details: The Indian Messenger



