സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ജൂൺ 15 മുതൽ സർവീസ് നിർത്തിവെക്കുമെന്ന് മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും വരും ദിവസങ്ങളിൽ സർവീസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കുന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂൺ 15 മുതൽ സംസ്ഥാനവ്യാപകമായി സർവീസ് നിർത്തിവെക്കേണ്ടി വരുമെന്ന് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഹംസ മുന്നറിയിപ്പ് നൽകി.
ഇന്ധനവില അടിക്കടി വർദ്ധിക്കുന്നത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം ഡീസൽ വിലയിൽ 8 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ സ്വകാര്യ ബസുകൾക്ക് ഇന്ധന സബ്സിഡി അനുവദിക്കണമെന്നും വൻ തുകയായി ഈടാക്കുന്ന റോഡ് ടാക്സ് പൂർണ്ണമായും ഒഴിവാക്കണമെന്നും ഹംസ സർക്കാരിനോട് ആവശ്യപ്പെട്ടു.
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തുമ്പോൾ സ്വകാര്യ ബസ് മേഖലയെക്കൂടി സർക്കാർ പരിഗണിക്കണമെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു. നിലവിൽ സ്വകാര്യ ബസുകളിലെ പകുതിയിലധികം യാത്രക്കാരും സ്ത്രീകളാണ്. ഈ സാഹചര്യത്തിൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ മാത്രം സൗജന്യ യാത്ര നൽകുമ്പോൾ സ്വകാര്യ ബസുകളിലെ വരുമാനം പകുതിയിലും താഴെയായി കുറയും.
നിലവിൽ പ്രതിദിന വരുമാനത്തിന്റെ 60 ശതമാനത്തോളം തുക ഡീസൽ അടിക്കാനാണ് ഉപയോഗിക്കുന്നതെന്ന് ഹംസ ചൂണ്ടിക്കാട്ടി. ഇതിന് പുറമെയാണ് ലക്ഷക്കണക്കിന് രൂപ റോഡ് ടാക്സായി ഒടുക്കേണ്ടി വരുന്നത്. കിലോമീറ്ററിന് നിശ്ചിത തുക വാടകയായി നിശ്ചയിച്ച് സ്വകാര്യ ബസുകൾ സർക്കാർ ഏറ്റെടുത്ത് സർവീസ് നടത്തണമെന്നും ഹംസ ആവശ്യപ്പെടുന്നു.
വനിതകൾക്ക് യാത്രാ സൗജന്യം നൽകുന്നതിനോട് തങ്ങൾക്ക് യാതൊരു എതിർപ്പുമില്ലെന്ന് ഫെഡറേഷൻ വ്യക്തമാക്കി. എന്നാൽ കെഎസ്ആർടിസിയെയും സ്വകാര്യ മേഖലയെയും ഒരുപോലെ പരിഗണിക്കുന്ന സമഗ്രമായ ഗതാഗത നയം രൂപീകരിക്കാൻ സർക്കാർ തയ്യാറാകണം. ഈ വിഷയം മുൻപ് തന്നെ മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണ്. എന്നാൽ സർക്കാർ യാതൊരു മുൻകരുതലുമില്ലാതെ എടുത്തുചാടി തീരുമാനമെടുക്കുകയാണ് ചെയ്തതെന്ന് സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
Short Brief
The Private Bus Operators’ Federation has warned that services across Kerala will be suspended from June 15 due to a severe financial crisis in the sector. Highlighting an Rs 8 hike in fuel prices over the last two weeks, Federation State Secretary Hamza demanded fuel subsidies, road tax exemptions, or a government takeover on a per-kilometer rental basis. He criticized the government’s sudden decision to offer free travel for women only in KSRTC, stating it would slash private bus revenues by over half since women comprise the majority of their passengers.
(With inputs from MN)
For more details: The Indian Messenger



