FILMS

സന്തോഷ് ഇടുക്കിയുടെ ‘മധുരം വെപ്പ്’ ആരംഭിച്ചു; പൂജയും സ്വിച്ചോൺ കർമ്മവും കൊച്ചിയിൽ നടന്നു, ചിത്രീകരണം കൊരട്ടിയിലും അങ്കമാലിയിലും.

Sponsored

കൊച്ചി: ക്രിസ്ത്യൻ സമൂഹത്തിലെ പരമ്പരാഗത വിവാഹാഘോഷങ്ങളുടെ പ്രധാന ചടങ്ങുകളിലൊന്നായ ‘മധുരം വെപ്പ്’ പശ്ചാത്തലമാക്കി പുതിയൊരു മലയാള സിനിമ ഒരുങ്ങുന്നു. ശ്രദ്ധേയമായ ‘കൂടോത്രം’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് ഇടുക്കി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രത്തിന് ‘മധുരം വെപ്പ്’ എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്. ആക്ടേഴ്സ് ഫാക്ടറിയുടെ ബാനറിൽ ലിബിയ സെബാസ്റ്റ്യൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമ്മവും ജൂൺ എട്ട് തിങ്കളാഴ്ച കൊച്ചി വൈറ്റിലയിലുള്ള ആർട്ടിക് ഗോൾഡ് ഹോട്ടലിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ സിബി മലയിൽ ചടങ്ങിൽ ആദ്യ ഭദ്രദീപം തെളിയിച്ചുകൊണ്ട് തുടക്കം കുറിച്ചു.

Sponsored

ചലച്ചിത്ര നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചപ്പോൾ, പ്രശസ്ത താരം സന്തോഷ് കീഴാറ്റൂർ സ്വിച്ചോൺ കർമ്മവും അനിൽ മാത്യു ഫസ്റ്റ് ക്ലാപ്പും നൽകി. ചടങ്ങിൽ പ്രശസ്ത സംവിധായകരായ എം. പത്മകുമാർ, മേജർ രവി, ഫിലിം ചേംബറിലെ പ്രമുഖർ, നടൻ ബൈജു എഴുപുന്ന, നടി മെറീന മൈക്കിൾ, ലതാ ദാസ് തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവർത്തകരും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്തു.

Sponsored

വിവാഹത്തിന്റെ തലേദിവസം രാത്രി വധൂവരന്മാരുടെ വീടുകളിൽ നടക്കുന്ന സവിശേഷമായ ഒരു ആഘോഷമാണ് മധുരം വെപ്പ്. ബന്ധുമിത്രാദികളും സുഹൃത്തുക്കളും സമൂഹത്തിന്റെ വിവിധ രംഗങ്ങളിലുള്ളവരും ഒത്തുചേരുന്ന ഈ കല്യാണവീട്ടിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. അതീവ പിശുക്കനായ കല്യാണച്ചെക്കന്റെ അപ്പന്റെ സ്വത്ത് വീതം വെപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ചില കുശലപ്രയോഗങ്ങളും, ആ കല്യാണവീട്ടിൽ ഒളിഞ്ഞിരിക്കുന്ന ചില നിഗൂഢ സത്യങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്നതിനും ഈ മധുരം വെപ്പ് ചടങ്ങ് കാരണമാകുന്നു. പൂർണ്ണമായും ഹ്യൂമർ ത്രില്ലർ (Humor Thriller) ജോണറിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

Sponsored

പ്രമുഖ താരം ബൈജു എഴുപുന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടൻ സിദ്ദിഖ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. ഇവരെ കൂടാതെ പ്രമോദ് വെളിയനാട്, ശ്രീജിത്ത് രവി, ഭീമൻ രഘു, ജോജി ജോൺ, മേജർ രവി, നന്ദു പൊതുവാൾ, ശ്രുതി ജയൻ, മെറീന മൈക്കിൾ, ലതാ ദാസ്, ലിബിയ സെബാസ്റ്റ്യൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇവർക്കൊപ്പം പ്രത്യേക ആർട്ടിസ്റ്റ് വർക്ക് ഷോപ്പിലൂടെ തിരഞ്ഞെടുത്ത അറുപതോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് ജെയ്സൺ ജോൺ സംഗീതം പകരുന്നു. ജിസ്മിൻ സെബാസ്റ്റ്യൻ ഛായാഗ്രഹണവും ജ്യോതിഷ് കുമാർ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. മറ്റ് അണിയറ പ്രവർത്തകർ: കലാസംവിധാനം: രാജീവ് കോവിലകം, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്റ്റ്യൂം: കുമാർ എടപ്പാൾ, സ്റ്റിൽസ്: രാജീവ് അഴിയൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: ചാക്കോ കാഞ്ഞൂപ്പറമ്പിൽ, പ്രൊജക്റ്റ് ഡിസൈൻ: സേതു അടൂർ, പ്രൊഡക്ഷൻ കൺട്രോളർ: എ.ഡി ശ്രീകുമാർ. ജൂൺ പന്ത്രണ്ട് മുതൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം കൊരട്ടി, അങ്കമാലി ഭാഗങ്ങളിലായി പൂർത്തിയാകും. സഞ്ചോ പ്രൊഡക്ഷൻസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

Short Brief

The shoot for the upcoming Malayalam movie ‘Madhuram Veppu’, written and directed by Santhosh Idukki, is set to begin in Koratty and Angamaly. Produced by Libya Sebastian under the Actors Factory banner, the film’s pooja and title launch were held recently in Kochi, with director Sibi Malayil lighting the lamp. Starring Baiju Ezhupunna and Siddique in lead roles, this humor thriller revolves around the mystery and property disputes that unfold during a traditional pre-wedding Christian ‘Madhuram Veppu’ ceremony.

(With inputs from Vazhoor Jose)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button