പത്തനംതിട്ടയിൽ മിന്നൽ പ്രളയത്തിന് സാധ്യത; ജനങ്ങളെ മാറ്റിപ്പാർപ്പിക്കും: മന്ത്രി പി.സി. വിഷ്ണുനാഥ്.

പത്തനംതിട്ട: ജില്ലയിൽ ഇന്ന് രാത്രി മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. പ്രളയ സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കും. എല്ലാവരും കനത്ത ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
വെള്ളപ്പൊക്ക ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം വരുന്ന മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പമ്പാ നദിയിൽ അതിതീവ്ര വെള്ളപ്പൊക്കത്തിനുള്ള മുന്നറിയിപ്പാണ് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ടയിൽ നടക്കുന്നത് ‘സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കം’ ആണെന്ന സി.പി.ഐ.എം ആരോപണം അടിസ്ഥാനരഹിതമാണെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ പെട്ടെന്ന് തുറക്കേണ്ട ഡാമാണ് മൂഴിയാറെന്നും, ഇതിന് റൂൾ കർവ് ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കളെ മാത്രം കൂട്ടി അവലോകന യോഗം നടത്തിയെന്ന സി.പി.ഐ.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന്റെ ആരോപണം സങ്കടപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. മണിയാർ ഡാം അടയ്ക്കാൻ ഗേറ്റുകൾ പോലുമില്ലെന്നും കഴിഞ്ഞ രണ്ടര വർഷമായി തുറന്നിട്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇത് മുൻ സർക്കാരിന്റെ വലിയ വീഴ്ചയാണെന്ന് കുറ്റപ്പെടുത്തി.
മണിയാർ ഡാമിന്റെ പണികൾ അടിയന്തരമായി പൂർത്തിയാക്കേണ്ട സാഹചര്യമുണ്ട്. നിലവിലെ പ്രളയസാഹചര്യം മാറിയാലുടൻ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചുചേർക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞദിവസം പെയ്ത കനത്ത മഴയ്ക്ക് നേരിയ ശമനം ഉണ്ടായതോടെ പത്തനംതിട്ടയിലെ ആറന്മുളയിലും പരിസരപ്രദേശങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും നിരവധി വീടുകളും പ്രധാന റോഡുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.
ആകാശം തെളിഞ്ഞെങ്കിലും ആറന്മുള മേഖലയിൽ ആശങ്കയുടെ കാർമേഘം ഒഴിയുന്നില്ല. റോഡുകളിലെ വെള്ളക്കെട്ട് പതുക്കെ ഇറങ്ങിത്തുടങ്ങിയെങ്കിലും നിരവധി വീടുകൾ ഇപ്പോഴും പ്രളയജലത്തിലാണ്. പ്രശസ്തമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള ഒട്ടുമിക്ക വീടുകളും വെള്ളത്തിനടിയിലാണ്.
കനത്ത മഴയിൽ ജില്ലയിൽ തടസ്സപ്പെട്ട വൈദ്യുതബന്ധം പുനഃസ്ഥാപിക്കാനുള്ള അടിയന്തര നടപടികൾ കെ.എസ്.ഇ.ബി ആരംഭിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ, കാലാവസ്ഥ അനുകൂലമായാൽ മാത്രമേ ശബരിമലയിലേക്ക് ഭക്തരെ കടത്തിവിടുകയുള്ളൂ. ഉൾവനങ്ങളിൽ മഴ പെയ്യുന്നില്ലെങ്കിലും മണ്ണിടിച്ചിലിനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ശബരിമലയിലേക്ക് എത്തുന്ന ഭക്തരെ നിലക്കലിൽ തടയുമെന്നും, വരും മണിക്കൂറുകളിലെ കാലാവസ്ഥ വിലയിരുത്തി മാത്രമായിരിക്കും തുടർന്നുള്ള നടപടികളെന്നും പോലീസ് അറിയിച്ചു.
For more details: The Indian Messenger



