ഇറാന്റെ 80-ലധികം കേന്ദ്രങ്ങൾ തകർത്ത് അമേരിക്കൻ ആക്രമണം; കടുത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ.

വാഷിംഗ്ടൺ/ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ചൊവ്വാഴ്ച ഇറാനിലുടനീളമുള്ള 80-ലധികം ലക്ഷ്യസ്ഥാനങ്ങളിൽ ശക്തമായ പ്രത്യാക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാൽ തെക്കൻ ഇറാന്റെ ചില ഭാഗങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് ശേഷം രാജ്യം ശക്തമായ “കടുത്ത തിരിച്ചടി” നൽകുമെന്ന് ഇറാന്റെ സായുധ സേനയെ ഏകോപിപ്പിക്കുന്ന ജോയിന്റ് മിലിട്ടറി കമാൻഡ് ബോഡിയായ ഖാതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് ചൊവ്വാഴ്ച വ്യക്തമാക്കി.
ഇതിനിടയിൽ, ഇറാനിയൻ ഉത്ഭവമുള്ള ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉത്പാദനം, വിതരണം, വില്പന എന്നിവയ്ക്ക് മുൻപ് നൽകിയിരുന്ന അനുമതി യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് റദ്ദാക്കി. നിലവിലുള്ള ഇടപാടുകൾ പൂർത്തിയാക്കാൻ ജൂലൈ 17 വരെ സമയം നൽകിയിട്ടുണ്ടെങ്കിലും ചൊവ്വാഴ്ച മുതൽ പുതിയ വാങ്ങലുകളോ വിതരണങ്ങളോ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. അതേസമയം, ഹോർമുസ് കടലിടുക്കിന് സമീപം എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, ജോർദാൻ, യു.എ.ഇ എന്നീ അറബ് രാജ്യങ്ങൾ കടുത്ത ഭാഷയിൽ അപലപിക്കുകയും, ഇവ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും ഊർജ്ജ വിതരണത്തിനും മേഖലയുടെ സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ഇറാന്റെ ബുഷെർ പ്രവിശ്യയിലെ ഖോർമോജിന് മുകളിലൂടെ പറന്ന അമേരിക്കയുടെ എംക്യു-9 (MQ-9) ഡ്രോൺ വെടിവെച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വക്താവ് ചൊവ്വാഴ്ചകാശപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ യുഎസ് “വ്യോമാക്രമണത്തിന്” പിന്നാലെ ഐആർജിസിയുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഡ്രോൺ തകർത്തതെന്ന് ബ്രിഗേഡിയർ ജനറൽ ഹൊസൈൻ മൊഹാബി ഔദ്യോഗിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഇതേസമയം, തങ്ങൾക്ക് നേരെ വന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് പരാജയപ്പെടുത്തിയതായി കുവൈറ്റ് സൈന്യം അറിയിച്ചു. കേട്ട സ്ഫോടന ശബ്ദങ്ങൾ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ ശത്രു ഭീഷണികളെ തടഞ്ഞതുകൊണ്ടുണ്ടായതാണെന്ന് വ്യക്തമാക്കിയ കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ്, സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.
Short Brief US Central Command launched heavy retaliatory strikes hitting over 80 targets across Iran following recent attacks on commercial ships in the Strait of Hormuz. In response, Iran’s military command warned of a severe counter-strike, while its forces claimed to have shot down an American MQ-9 drone. Simultaneously, Arab nations strongly condemned Iranian strikes on tankers, the US Treasury imposed tight oil trade sanctions, and Kuwait activated its air defense systems to intercept incoming drone and missile threats.
(With inputs from Iranintl)
For more details: The Indian Messenger



