ഗുരുവായൂരിൽ അർദ്ധരാത്രി ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; കിടപ്പുരോഗികളായ ദമ്പതികൾക്ക് പരിക്ക്.

തൃശ്ശൂർ: ഗുരുവായൂരിൽ വീടിനുള്ളിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോഗികളായ ദമ്പതികൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.30ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. വീടിനുളളിൽ പുക നിറഞ്ഞതോടെ ശ്വാസതടസ്സം നേരിട്ട ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുവായൂർ സ്വദേശികളായ കുട്ടപ്പൻ (70), അംബിക (65) എന്നിവർക്കാണ് പരിക്കേറ്റത്.
രാത്രി ഉറക്കത്തിനിടെ വീടിനുള്ളിൽ കനത്ത പുക നിറഞ്ഞതിനെ തുടർന്നാണ് ഇവർ ഉണർന്നത്. തുടർന്ന് അപകടം തിരിച്ചറിഞ്ഞ ദമ്പതികൾ ഉടൻ തന്നെ അയൽവാസികളുടെ സഹായം തേടുകയായിരുന്നു. അവരെത്തിയാണ് വീടിനുള്ളിൽ നിന്നും ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചത്. അപ്പോഴേക്കും ഫ്രിഡ്ജ് പൂർണമായും പൊട്ടിത്തെറിച്ചിരുന്നു.
പുക ശ്വസിച്ചതിനെ തുടർന്ന് ദമ്പതികൾക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നുവെങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഷോർട്ട് സർക്യൂട്ട് ആയിരിക്കാം അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായ അനുമാനം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീടിന്റെ ഭിത്തികൾക്ക് വിള്ളൽ വീഴുകയും ജനൽച്ചില്ലുകൾ തകരുകയും ചെയ്തിട്ടുണ്ട്.
English Summary
A bedridden elderly couple, Kuttappan (70) and Ambika (65), were injured after a refrigerator exploded inside their house in Guruvayur, Thrissur. The incident occurred around 11:30 PM, and the couple woke up to heavy smoke filling the room. Neighbours rushed to rescue them before the fridge exploded completely. Both were hospitalized with respiratory distress from smoke inhalation, though their injuries are reported to be non-serious. A short circuit is suspected to be the cause of the blast, which also damaged the walls and window panes of the house.
(With input from MN)
For more details: The Indian Messenger



