GULF & FOREIGN NEWSTOP NEWS

വോട്ടർ ഐഡി നിർബന്ധമാക്കാൻ ഇന്ത്യയെ മാതൃകയാക്കി ഡൊണാൾഡ് ട്രംപ്; ‘സേവ് അമേരിക്ക ആക്ടി’നായി വാദിച്ച് യുഎസ് പ്രസിഡന്റ്.

Sponsored

വാഷിംഗ്ടൺ: യുഎസിൽ കർശനമായ തെരഞ്ഞെടുപ്പ് നിയമങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതികളെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ തെരഞ്ഞെടുപ്പിൽ വോട്ടർ ഐഡന്റിഫിക്കേഷൻ കാർഡുകൾ ഇല്ലാത്തതിനെപ്പറ്റി ഇന്ത്യൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാർ ചോദ്യം ചെയ്ത കാര്യവും ട്രംപ് ഓർമ്മിപ്പിച്ചു.

തിങ്കളാഴ്ച ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ, ഇന്ത്യയിൽ അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ 64.6 കോടിയിലധികം ആളുകൾ പങ്കെടുത്തുവെന്നും എന്നാൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് തപാൽ വോട്ടുകൾ രേഖപ്പെടുത്തിയതെന്നും ട്രംപ് വ്യക്തമാക്കി.

ഈ മാസ ആദ്യം തന്റെ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കവേ, സാധുവായ ഫോട്ടോ ഐഡന്റിറ്റി കാർഡില്ലാതെ എങ്ങനെയാണ് യുഎസിൽ തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമ്മീഷണർ ചോദിച്ചതായി ട്രംപ് പറഞ്ഞു.

Sponsored

വോട്ടർ രജിസ്ട്രേഷന് പൗരത്വ തെളിവ് നിർബന്ധമാക്കുക, രാജ്യവ്യാപകമായി വോട്ടർ ഐഡി ഏർപ്പെടുത്തുക, തപാൽ വോട്ടുകൾ കടുപ്പിക്കുക എന്നിവ ലക്ഷ്യമിടുന്ന ‘സേവ് അമേരിക്ക ആക്ടി’ന് (SAVE America Act) പിന്തുണ സമാഹരിക്കുന്നതിനാണ് യുഎസ് പ്രസിഡന്റ് ഈ കാര്യങ്ങൾ പരാമർശിച്ചത്.

“ഈ മാസ ആദ്യം, സാധുവായ ഫോട്ടോ ഐഡി ഇല്ലാതെ എങ്ങനെയാണ് യുഎസിൽ തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാർ നമ്മുടെ ഭരണകൂടത്തോട് ചോദിക്കുകയുണ്ടായി” ട്രംപ് കുറിച്ചു.

“ഇന്ത്യയിലെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 64,60,00,000 വോട്ടർമാരുണ്ടായിരുന്നു! അതിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് മെയിൽ വഴി വോട്ട് ചെയ്തത്, കൂടാതെ ഓരോ വോട്ടർക്കും സാധുവായ ഫോട്ടോ ഐഡന്റിറ്റി രേഖയുണ്ടായിരുന്നു”.

“നമുക്ക് ഇപ്പോൾ ‘ദി സേവ് അമേരിക്ക ആക്റ്റ്’ പാസാക്കേണ്ടതുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് തട്ടിപ്പുകൾ തടയാൻ സേഫ്ഗാർഡ് അമേരിക്കൻ വോട്ടർ എലിജിബിലിറ്റി (SAVE) അമേരിക്ക ആക്റ്റ് പാസാക്കണമെന്ന് ട്രംപ് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

എന്നാൽ, ഈ വിഷയത്തിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും ഭിന്നതയിലാണ്. ബിൽ പാസാക്കുന്നതിൽ കൃത്യമായ തീരുമാനങ്ങളൊന്നുമെടുക്കാതെ യുഎസ് സെനറ്റ് ഈ മാസ ആദ്യം അഞ്ച് ആഴ്ചത്തെ അവധിയിലേക്ക് പിരിഞ്ഞു.

യുഎസിൽ വോട്ടർമാർ സ്വയം സാക്ഷ്യപ്പെടുത്തുന്ന രീതിയാണ് നിലവിലുള്ളതെന്നും എന്നാൽ ഇന്ത്യയും ബ്രസീലും വോട്ടർ ഐഡി കാർഡുകളെ ബയോമെട്രിക് ഡാറ്റാബേസുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് വെബ്‌സൈറ്റിലെ സേവ് അമേരിക്ക ആക്ടിനെക്കുറിച്ചുള്ള വിവരങ്ങളിൽ ചൂണ്ടിക്കാണിക്കുന്നു.

വനിതാ കായിക ഇനങ്ങളിൽ പുരുഷന്മാർ മത്സരിക്കുന്നത് സ്ഥിരമായി നിരോധിക്കാനും കുട്ടികൾക്കായുള്ള ട്രാൻസ്ജെൻഡർ ലിംഗമാറ്റ ശസ്ത്രക്രിയകൾ നിരോധിക്കാനും ഈ ബിൽ ലക്ഷ്യമിടുന്നുണ്ട്.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button