കേരള വഖഫ് ബോർഡിന്റെ പ്രവർത്തനം മരവിപ്പിച്ച് ഹൈക്കോടതി; നടപടി ബിജെപി നേതാവ് ഷോൺ ജോർജിന്റെ പൊതുതാത്പര്യ ഹർജിയിൽ.

കൊച്ചി: കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ഉൾപ്പെടെയുള്ളവർ നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് ഈ അടിയന്തര നടപടി. പ്രവർത്തനങ്ങൾ താത്കാലികമായി മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
വഖഫ് നിയമത്തിലെ ചട്ടം 40 പ്രകാരമല്ല ബോർഡിന്റെ ഇപ്പോഴത്തെ പ്രവർത്തനമെന്ന് കോടതി വിലയിരുത്തി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ സുപ്രധാന ഉത്തരവ്. ഭരണഘടനാ വിരുദ്ധമായ പ്രവർത്തനങ്ങൾ അടക്കം ആരോപിച്ചായിരുന്നു ഹർജികൾ ഫയൽ ചെയ്തത്. കേസിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ വഖഫ് ബോർഡിന്റെ എല്ലാവിധ നടപടികളും നിർത്തിവെക്കേണ്ടതാണ്.
ബോർഡിന്റെ പ്രവർത്തനം മരവിപ്പിച്ച പശ്ചാത്തലത്തിൽ, സംസ്ഥാന വഖഫ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിക്ക് ഭരണപരമായ താത്കാലിക ചുമതല കോടതി നൽകി. കേസ് വരും ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.
മുൻ സർക്കാർ ചട്ടവിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന ആവശ്യവുമായി ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ‘ആക്ട്സ്’ (ACTS) നൽകിയ ഹർജിയിൽ നേരത്തെ സർക്കാരിന്റെ വിശദീകരണം ഹൈക്കോടതി തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കേരള വഖഫ് ബോർഡിൽ അമുസ്ലിം വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ഹർജി നൽകിയത്.
2025-ലെ വഖഫ് നിയമഭേദഗതി പ്രകാരം ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കാതെയാണ് നിലവിലെ ബോർഡ് രൂപീകരിച്ചതെന്നും അതിനാൽ ഇതിന്റെ പ്രവർത്തനം പൂർണ്ണമായും നിയമവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. 2026-ൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ ഒൻപത് പേരെയാണ് സർക്കാർ നിശ്ചയിച്ചത്. ഇതിൽ എല്ലാവരും മുസ്ലീം സമുദായത്തിൽപ്പെട്ടവരാണെന്നും ഇത് പുതിയ നിയമഭേദഗതിയുടെ ലംഘനമാണെന്നുമാണ് ഷോൺ ജോർജിന്റെ പ്രധാന വാദം.
Short Brief
The Kerala High Court has temporarily frozen the operations of the Kerala Waqf Board, acting on a PIL filed by BJP State Vice President Adv. Shaun George and a Christian collective, ACTS. The division bench headed by the Chief Justice observed that the board’s current constitution violates Section 40 of the Waqf Act, as it failed to include two non-Muslim members as mandated by the 2025 Waqf Amendment Act. While halting all board activities until further orders, the court handed temporary charge to the Joint Secretary of the State Waqf Department and scheduled the next hearing for Wednesday.
(With inputs from MN)
For more details: The Indian Messenger



