പ്രഹ്ലാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രി; ധർമ്മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു.

ന്യൂഡൽഹി: എൻ.ടി.എ (NTA) നീറ്റ്-യു.ജി (NEET-UG) പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ച ഒഴിവിലേക്ക് കേന്ദ്ര കാബിനറ്റ് മന്ത്രി പ്രഹ്ലാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം ധർമ്മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചതിന് പിന്നാലെയാണ് പുതിയ നിയമനം. നിലവിൽ ഉപഭോക്തൃ കാര്യം, ഭക്ഷ്യം, പൊതുവിതരണം, പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജം എന്നീ മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്ന പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കൂടി നൽകുകയായിരുന്നു. മുൻ മോദി സർക്കാരിൽ കൽക്കരി, ഗനി, പാർലമെന്ററി കാര്യ മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കർണാടകയിലെ ധാർവാഡ് മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാ എം.പിയായ ബി.ജെ.പി നേതാവ് പ്രഹ്ലാദ് ജോഷി, തുടർച്ചയായി അഞ്ചാം തവണയാണ് ഇവിടുന്ന് ജനവിധി തേടി വിജയിക്കുന്നത്. പുതിയ ചുമതല ഏറ്റെടുത്ത ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം, വലിയ ഉത്തരവാദിത്തബോധത്തോടെയും വിനയത്തോടെയുമാണ് ഈ ദൗത്യം സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ 12 വർഷത്തെ ഭരണത്തിൻ കീഴിൽ രാജ്യം ചരിത്രപരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ധർമ്മേന്ദ്ര പ്രധാൻ ദേശീയ വിദ്യാഭ്യാസ നയം കാര്യക്ഷമമായി നടപ്പിലാക്കുകയും നിർണായകമായ പല മുൻകൈകളും എടുക്കുകയും ചെയ്തിട്ടുണ്ടെന്നും, പ്രധാനമന്ത്രിയുടെ മാർഗ്ഗനിർദ്ദേശപ്രകാരം തന്റെ പുതിയ ഉത്തരവാദിത്തങ്ങൾ പൂർണ്ണ സമർപ്പണത്തോടെ നിറവേറ്റുമെന്നും പ്രഹ്ലാദ് ജോഷി ഉറപ്പുനൽകി.
English Summary
Following Dharmendra Pradhan’s resignation over the NEET-UG paper leak controversy, President Droupadi Murmu accepted his resignation, and Union Cabinet Minister Pralhad Joshi was appointed as the new Education Minister. Holding additional charge alongside his existing portfolios, the five-time Dharwad MP expressed humility and committed to carrying forward education reforms under Prime Minister Narendra Modi’s guidance.
For more details: The Indian Messenger



