കാലവർഷക്കെടുതി: 26 മരണം, നാലുപേരെ കാണാതായി, മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം; രാജേഷിന്റെ വീട് സർക്കാർ നിർമ്മിച്ച് നൽകുമെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഇതുവരെ 26 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി മുഖ്യമന്ത്രി വി. ഡി. സതീശൻ. 11 പേർക്ക് അപകടം പറ്റിയിട്ടുണ്ട്. നാലുപേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്ത് 462 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ആകെ 27,048 പേർ ക്യാമ്പിലുണ്ട്. 1882 ഹെക്ടർ കൃഷി നഷ്ടമുണ്ടായിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ട് അനുസരിച്ച് 66.44 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. 23,537 കർഷകരെ മഴക്കെടുതി ബാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ ധനസഹായം നൽകും. വീട്ടിൽ വെള്ളം കയറിയവർക്ക് വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പതിനായിരം രൂപ നൽകും. മരിച്ചവരുടെ സംസ്കാരം നടത്താൻ പതിനായിരം രൂപ ധനസഹായം നൽകും. നേരത്തെ വീട് പൂർണമായും നശിച്ചവർക്ക് വീടു നിർമ്മിക്കാൻ നൽകിയിരുന്നത് നാലു ലക്ഷം രൂപയാണ്. അത് ആറു ലക്ഷം രൂപയായി വർധിപ്പിച്ചു. വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങി വീടുവെക്കാൻ നേരത്തെ നൽകിയിരുന്നത് 10 ലക്ഷം രൂപയാണ്. അത് 12 ലക്ഷം രൂപയാക്കി വർധിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
രാജേഷിന്റെ വിയോഗം വേദനാജനകം: മുഖ്യമന്ത്രി കണ്ണൂർ ചെറുപുഴയിൽ പ്രളയജലത്തിൽ ഒറ്റപ്പെട്ടുപോയ ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവൻ പൊലിഞ്ഞ തിരുവനന്തപുരം കല്ലിയൂർ സ്വദേശിയും ദുരന്ത രക്ഷാപ്രവർത്തക പരിശീലകനുമായ ആർ. രാജേഷിന്റെ വിയോഗം വേദനാജനകമാണ്. രാജേഷിന്റെ സംസ്കാരം സംസ്ഥാന ബഹുമതികളോടെ നടത്തും. അദ്ദേഹത്തിന്റെ പൂർത്തിയാകാത്ത വീട് നിർമ്മിച്ചുകൊടുക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
2024-ൽ തൃശൂർ ജില്ലയിൽ ഉരുൾപൊട്ടലിലും കാലവർഷക്കെടുതിയിലും വീട് നഷ്ടമായ, ധനസഹായം ലഭിക്കാൻ ബാക്കിയുള്ള 248 ഗുണഭോക്താക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു. പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർപേഴ്സണായി റിട്ട. ജസ്റ്റിസ് സി. എൻ. രാമചന്ദ്രനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
2026-27 സാമ്പത്തിക വർഷം തദ്ദേശ സ്ഥാപനങ്ങൾക്ക് കൊടുക്കേണ്ട വികസനഫണ്ടിന്റെ ഒന്നാം ഗഡു 2025 കോടി 15 ലക്ഷം നൽകാൻ തീരുമാനിച്ചു. കഴിഞ്ഞ സർക്കാർ മൂന്നാം ഗഡു നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ കഴിഞ്ഞ വർഷത്തെ സ്പിൽ ഓവർ പദ്ധതികൾക്കായുള്ള തുക മുനിസിപ്പാലിറ്റികൾക്ക് 136 കോടിയും, കോർപ്പറേഷനുകൾക്ക് 188 കോടിയും അധികമായി നൽകാൻ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. പാചകത്തൊഴിലാളികളുടെ വേതനം 44 കോടി അനുവദിച്ചു. വർധിപ്പിച്ച തുക അടക്കം രണ്ടു ദിവസത്തിനുള്ളിൽ അവരുടെ അക്കൗണ്ടുകളിലെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
For more details: The Indian Messenger



