ടി.പി വധക്കേസ്: സുപ്രീം കോടതിയിൽ ഹാജരായിരുന്ന അഭിഭാഷകനെ സർക്കാർ മാറ്റി, ജയിലിൽ കഴിയുന്നവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു.

ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനായി ഹാജരായിരുന്ന സീനിയർ അഭിഭാഷകൻ പി.വി. ദിനേശിനെ മാറ്റാൻ തീരുമാനം. അദ്ദേഹത്തിന് പകരം മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ, പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര എന്നിവരിൽ ഒരാളെ കേസിൽ ഹാജരാക്കാനാണ് സർക്കാരിന്റെ നീക്കം.
അതിനിടെ, കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി ഉൾപ്പെടെയുള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ സുപ്രീം കോടതി മൂന്ന് ആഴ്ചത്തേക്ക് മാറ്റിവെച്ചു. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് നീട്ടിയത്.
13 വർഷത്തിലധികമായി ജയിലിൽ കഴിയുകയാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ജാമ്യ ഹർജി വേഗത്തിൽ പരിഗണിക്കണമെന്ന് അവരുടെ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് കെ.കെ. രമ എം.എൽ.എ കോടതിയിൽ ആവശ്യപ്പെട്ടു. ഇതേതുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റി വെക്കാൻ കോടതി തീരുമാനിച്ചത്. വിഷയത്തിൽ രണ്ട് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ കെ.കെ. രമയോട് സുപ്രീം കോടതി നിർദ്ദേശിച്ചു.
For more details: The Indian Messenger



