നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് വരൻ പിന്മാറി: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം.

ആലപ്പുഴ: ആലപ്പുഴ അരൂരിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് വരൻ പിന്മാറിയതിനെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം. ആത്മഹത്യ ചെയ്യുമെന്ന മുന്നറിയിപ്പുമായി അനഘ പ്രതിശ്രുത വരന് വീഡിയോ അയച്ചു കൊടുത്തിരുന്നെന്നും എന്നിട്ടുപോലും ഇക്കാര്യം ബന്ധുക്കളെ അറിയിച്ചില്ലെന്നുമാണ് ആരോപണം. ഈ സംശയത്തിന് തെളിവായി പ്രതിശ്രുത വരന്റെ അമ്മയുടെ ഓഡിയോ സന്ദേശം പോലീസിന് കൈമാറി. എന്നാൽ കൂടുതൽ അന്വേഷണത്തിന് ശേഷമേ പ്രതിശ്രുത വരനെതിരെ കേസെടുക്കാനാകൂ എന്ന നിലപാടിലാണ് പോലീസ്.
കരഞ്ഞു കാലുപിടിച്ചിട്ടും കൂട്ടാക്കാതെ വരന്റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ മനോവേദനയിലാണ് ഇരുപത്തിയഞ്ചുകാരിയായ മകൾ ജീവനൊടുക്കിയതെന്ന് അമ്മ പറയുന്നു. അരൂർ സ്വദേശിനി അനഘയും തൃശൂർ സ്വദേശി യുവാവും ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. പ്രണയം ഇരുവീട്ടുകാരും അംഗീകരിച്ച് വിവാഹ നിശ്ചയം നടത്തി. നവംബറിൽ വിവാഹം നടത്താനുള്ള ഒരുക്കങ്ങൾക്കിടയിലായിരുന്നു വരന്റെ കുടുംബം പിന്മാറിയത്.
ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അനഘ യുവാവ് ജോലി ചെയ്യുന്ന അബുദാബിയിലെത്തി നേരിട്ട് സംസാരിച്ചിട്ടുപോലും പ്രയോജനമുണ്ടായില്ല. കഴിഞ്ഞ ബുധനാഴ്ച ഗൾഫിൽ നിന്ന് തിരിച്ചെത്തിയ അനഘയെ വിമാനത്താവളത്തിൽ നിന്ന് ബന്ധുക്കൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അന്ന് രാത്രി മുറിയിൽ കയറിയ അനഘ വീട്ടുകാർ ഉറങ്ങിയ ശേഷം ജീവനൊടുക്കുകയായിരുന്നു.
എന്നാൽ തൂങ്ങിമരിക്കാനുള്ള കുരുക്കിട്ട ശേഷം അതിന്റെ വീഡിയോ അനഘ യുവാവിന് അയച്ചു കൊടുത്തിരുന്നെന്നും അയാൾ അത് തന്റെ അമ്മയ്ക്ക് അയച്ചു കൊടുത്തിരുന്നെന്നുമാണ് ഇപ്പോൾ കുടുംബം സംശയിക്കുന്നത്. ആത്മഹത്യ ചെയ്യുമെന്ന മുന്നറിയിപ്പ് നൽകിയിട്ടും അനഘ അഭിനയിക്കുകയാണെന്ന തരത്തിൽ ഇയാളുടെ അമ്മ നൽകിയ മറുപടിയാണ് കടുംകൈ ചെയ്യാൻ അവളെ പ്രേരിപ്പിച്ചതെന്നും വീട്ടുകാർ വിശ്വസിക്കുന്നു. ഇയാളുടെ അമ്മ അയച്ചു കൊടുത്ത ഓഡിയോ സന്ദേശം മരിക്കും മുമ്പ് അനഘ തന്റെ അമ്മയുടെ ഫോണിലേക്ക് അയച്ചിരുന്നു.
For more details: The Indian Messenger



