ഉത്രാടപ്പാച്ചിലും തിരുവോണവും മഴയിൽ, മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഇന്ന് ആറു ജില്ലകളിൽ തീവ്രമഴ, ഓറഞ്ച് അലർട്ട്.

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നേരത്തെ ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴ പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്കുള്ള യെല്ലോ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവോണ ദിവസമായ നാളെയോടെ (ബുധനാഴ്ച) മഴ ദുർബലമാകുമെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിൽ പറയുന്നു.
നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മാത്രമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഗംഗാതീര പശ്ചിമ ബംഗാളിനും സമീപ ഝാർഖണ്ഡ്, വടക്കൻ ഒഡീഷ പ്രദേശങ്ങൾക്കും മുകളിലായാണ് ന്യൂനമർദ്ദം തുടരുന്നത്.
For more details: The Indian Messenger



