നടി തൃഷയ്‌ക്കെതിരായ ദ്വയാർത്ഥ പരാമർശം: തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റില്‍.

തഞ്ചാവൂർ: നടി തൃഷയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തഞ്ചാവൂരിലെ വസതിയിൽ നിന്നാണ് ഉദയനിധിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഈ നാടകീയ നീക്കം. തമിഴക വെട്രി കഴകം (ടി.വി.കെ) വനിതാ വിഭാഗത്തിന്റെ പരാതിയിലാണ് തഞ്ചാവൂർ പോലീസിന്റെ നടപടി. അറസ്റ്റ് ഒഴിവാക്കുന്നതിനായി ഉദയനിധി മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിക്കാത്ത പക്ഷം ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.
കാവേരി നദീജല പ്രശ്‌നവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിനിടയിൽ തമിഴ് സിനിമാതാരം തൃഷയെക്കുറിച്ച് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശത്തിൽ വിമർശനം ശക്തമായിരുന്നു. ഉദയനിധിയുടെ പരാമർശം അറപ്പുളവാക്കുന്നതാണെന്ന് ടി.വി.കെ പ്രതികരിച്ചു. സംഭവത്തിൽ രൂക്ഷമായ വിമർശനമാണ് ഉദയനിധിക്കെതിരെ ഉയരുന്നത്. തഞ്ചാവൂരിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഉദയനിധി അധിക്ഷേപകരമായ പരാമർശം നടത്തിയത്.
മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ വിമർശനം ഉന്നയിച്ച് ഉദയനിധി പ്രസംഗിക്കുന്നതിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ചിലർ തൃഷ, തൃഷ എന്ന് വിളിച്ചു പറഞ്ഞു. ഇതിന് പിന്നാലെയാണ് തൃഷയെയും വിജയ്‌യെയും അപമാനിക്കുന്ന തരത്തിൽ ഉദയനിധി ദ്വയാർത്ഥ പ്രയോഗം നടത്തിയത്. പിന്നീട് താൻ ഒരു തമാശ പറഞ്ഞതാണെന്ന് പറയുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉദയനിധിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയായിരുന്നു.
For more details: The Indian Messenger



