പോലീസ് സ്റ്റേഷനിൽ ഇഡി ആക്രമണക്കേസ് പ്രതികൾ ഊഞ്ഞാലാടി; റീൽസിൽ കുടുങ്ങി പോലീസ് ഉദ്യോഗസ്ഥർ.

തിരുവനന്തപുരം: പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ. മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലാണ് ചെണ്ടകൊട്ടിയും ഊഞ്ഞാലാടിയും പ്രതികൾ ഓണം ആഘോഷിച്ചത്. സംഭവം വിവാദമായതോടെ പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള നീക്കത്തിലാണ് പോലീസ്. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളാണിവർ.
കേസിന്റെ അന്വേഷണ ചുമതലയുള്ള മ്യൂസിയം പോലീസ് സ്റ്റേഷനിൽ ശനിയാഴ്ച സംഘടിപ്പിച്ച ഓണാഘോഷത്തിലാണ് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ചില പ്രതികളും പങ്കെടുത്തത്. ആഘോഷത്തിനെത്തിയ പോലീസുകാർ ധരിച്ചിരുന്ന അതേ നിറത്തിലുള്ള ഷർട്ടുകളണിഞ്ഞാണ് പ്രതികൾ സ്റ്റേഷനിലെത്തിയത്.
കോർപറേഷൻ മുൻ കൗൺസിലർ ഐ.പി. ബിനു ഉൾപ്പെടെയുള്ള പ്രതികളിൽ ചിലർ പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടുന്ന റീലും ചിത്രീകരിച്ചു. പിന്നീട് ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ഒപ്പിടണമെന്ന വ്യവസ്ഥകളോടെയാണ് കേസിലെ 25 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ശനിയാഴ്ചയായിരുന്നു പ്രതികൾ ഒപ്പിടേണ്ട ദിവസം. രാവിലെ 10.20ഓടെയാണ് കേസിലെ പ്രതികൾ പോലീസ് സ്റ്റേഷനിൽ എത്തിയത്. 10.37ഓടെ പ്രതികളിലൊരാളായ ഐ.പി. ബിനു സ്റ്റേഷന് മുന്നിലെ ഊഞ്ഞാലിൽ കയറി റീൽ ചിത്രീകരിച്ചു. തുടർന്ന് 10.45ഓടെ പ്രതികൾ സ്റ്റേഷനിലെത്തി ഒപ്പുവെച്ചു. എന്നാൽ എസ്.എച്ച്.ഒ പ്രശാന്ത് സ്ഥലത്തെത്തിയത് രാവിലെ 11 മണിയോടെയാണ്.
For more details: The Indian Messenger



