24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം: തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ.

തിരുവനന്തപുരം: ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനങ്ങൾ ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) എതിർപ്പുന്നയിച്ചതിൽ കടുത്ത അതൃപ്തി വ്യക്തമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ. സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, പരാതികളുണ്ടെങ്കിൽ നേരിട്ട് വന്ന് അറിയിക്കണമെന്നും കൂട്ടിച്ചേർത്തു.
കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ഔദ്യോഗികമായി ഇതുവരെ എതിർപ്പൊന്നും അറിയിച്ചിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിയെ കാണണമെന്നുണ്ടെങ്കിൽ നേരിട്ട് വന്ന് കാണാം. ഒഴിവുകളും മറ്റു ബുദ്ധിമുട്ടുകളും മന്ത്രിയെ ബോധ്യപ്പെടുത്തിയാലല്ലേ നടപടിയെടുക്കാനാകൂ. ഇക്കാര്യങ്ങൾ ദിവസവും സ്റ്റേറ്റ്മെന്റ് ആയി ഇറക്കുകയല്ല വേണ്ടത്, കെ. മുരളീധരൻ വിമർശിച്ചു.
പൊതുജനങ്ങൾക്ക് മികച്ച ചികിത്സ നൽകാനായി സർക്കാർ പ്രഖ്യാപിച്ച തീരുമാനങ്ങളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി ആവർത്തിച്ചു. ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിനായി 140-ഓളം പുതിയ ഡോക്ടർമാരെ ഇതിനകം തന്നെ നിയമിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
For more details: The Indian Messenger



