കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിലെ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.

തിരുവനന്തപുരം: കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിലെ തന്റെ നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. മാധ്യമങ്ങളെ കണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തന്റെ പ്രതികരണം ഡിലീറ്റ് ചെയ്തുവെന്ന പ്രചാരണം തെറ്റാണെന്നും, ഫേസ്ബുക്കിൽ നിന്ന് വീഡിയോ നീക്കം ചെയ്തത് ക്രോസ് ഷെയർ ആയതുകൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. കാന്തപുരം എ.പി വിഭാഗം നേതാക്കളുമായുള്ള കൂടിക്കാഴ്ച അനുനയശ്രമത്തിന്റെ ഭാഗമായിരുന്നില്ലെന്നും, അത് മൂന്ന് മാസം മുൻപേ നിശ്ചയിച്ചതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ വന്ന വിമർശനത്തോടോ അതിലെ ഭാഷയോടോ തനിക്ക് എതിർപ്പില്ല. പൊതുസമൂഹം കാര്യങ്ങൾ വിലയിരുത്തട്ടെയെന്നും, അങ്ങനെ വിലയിരുത്തുന്ന ഒരു സമൂഹം ഇവിടെയുള്ളതുകൊണ്ടാണ് താൻ ഈ സ്ഥാനത്ത് ഇരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിറയിൻകീഴ് കയ്യാങ്കളി സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും, കെ.പി.സി.സി അധ്യക്ഷൻ ഇതുസംബന്ധിച്ച് കൂടുതൽ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ശുപാർശയിൽ നിയമപരമായ പരിശോധനകൾക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. രാഷ്ട്രീയ പാർട്ടികൾ സംഭാവനകൾ സ്വീകരിക്കാറുണ്ടെന്നും അതിനാലാണ് യു.ഡി.എഫ് നേതാക്കളുടെ പേര് ഡയറിയിൽ വന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പിണറായി വിജയന്റെ കാര്യത്തിൽ മാസപ്പടി ഡയറി മാത്രമല്ല, അതിനേക്കാൾ ഗൗരവമുള്ള കാര്യങ്ങൾ ഇ.ഡിയുടെ കത്തിലുണ്ട്. ഇതിൽ രാഷ്ട്രീയമില്ലെന്നും നിയമം അതിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ.എം നിലവിൽ പ്രതിസന്ധിയിലാണെന്നും, ന്യായീകരിക്കുക മാത്രമാണ് ഇപ്പോൾ അവരുടെ ജോലിയെന്നും അദ്ദേഹം പരിഹസിച്ചു.
For more details: The Indian Messenger



