ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ബ്രിക്സ് ഉച്ചകോടിക്കായി ഇന്ത്യ സന്ദർശിക്കും.

ബെയ്ജിങ്: ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യഴാഴ്ച പ്രഖ്യാപിച്ചു. ഏകദേശം ഏഴ് വർഷത്തിന് ശേഷമാണ് ഷി ജിൻപിങ് ഇന്ത്യയിലേക്ക് എത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പ്രസിഡന്റ് ഷി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
തമിഴ്നാട്ടിലെ മാമല്ലപുരത്ത് പ്രധാനമന്ത്രി മോദിയുമായി നടന്ന അനൗദ്യോഗിക ഉച്ചകോടിക്കായി 2019-ലാണ് ഷി അവസാനമായി ഇന്ത്യ സന്ദർശിച്ചത്. സന്ദർശന വേളയിൽ, ഉച്ചകോടിയുടെ ഇടവേളയിൽ ചൈനീസ് പ്രസിഡന്റ് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഏഷ്യൻ വൻശക്തികൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം വീണ്ടും ശക്തമാക്കുന്നതിനും, പശ്ചിമേഷ്യൻ സംഘർഷവും റഷ്യ-ഉക്രെയ്ൻ യുദ്ധവും മൂലം ആഗോള തലത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ ബ്രിക്സ് സഹകരണം മുൻപോട്ടു കൊണ്ടുപോകുന്നതിനും ഈ നയതന്ത്ര സന്ദർശനം നിർണായകമാണ്. സ്വാഭാവികമായും, നിലവിലെ അധ്യക്ഷ രാജ്യമെന്ന നിലയിൽ 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് സെപ്റ്റംബർ 12, 13 തീയതികളിൽ ഇന്ത്യ വേദിയാകും. മുൻപ് 2016-ൽ ഗോവയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ അദ്ദേഹം എത്തിയിരുന്നു. കൂടാതെ 2014 സെപ്റ്റംബറിലാണ് ആദ്യമായി ഇന്ത്യ സന്ദർശിച്ച് മോദിയുമായി വിപുലമായ ചർച്ചകൾ നടത്തിയത്. ഇരു നേതാക്കളുടെയും ആദ്യ ഭരണകാലത്തായിരുന്നു 2014-ലെ സന്ദർശനം.
2020-ലെ കിഴക്കൻ ലഡാക്ക് അതിർത്തി തർക്കത്തിന് ശേഷം വഷളായ ബന്ധം സാധാരണ നിലയിലാക്കാൻ ഇന്ത്യയും ചൈനയും ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഷിയുടെ ഈ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നത്.
ഷിയുടെ സന്ദർശനത്തിന് മുന്നോടിയായി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും കഴിഞ്ഞ മാസം ബെയ്ജിങ്ങിൽ അതിർത്തി തർക്കം പരിഹരിക്കുന്നതിനും, അതിർത്തിയിൽ സമാധാനം നിലനിർത്തുന്നതിനും, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി വിപുലമായ ചർച്ചകൾ നടത്തിയിരുന്നു.
ഓഗസ്റ്റ് 25-ന് ബെയ്ജിങ്ങിൽ നടന്ന പ്രത്യേക പ്രതിനിധികളുടെ 25-ാമത് ചർച്ചയിൽ ഇരുപക്ഷവും എട്ടിലഭ്യമായ സമവായങ്ങളിൽ എത്തുകയും അതിർത്തി നിർണ്ണയത്തിലും അതിർത്തി മാനേജ്മെന്റിലും വേഗത്തിലുള്ള പുരോഗതിക്കായി ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ ധാരണയാവുകയും ചെയ്തു.
അതിർത്തി തർക്കത്തിലും മറ്റ് ഉഭയകക്ഷി വിഷയങ്ങളിലും നടന്ന ഈ നിർണായക ചർച്ചകളുടെ പശ്ചാത്തലത്തിൽ, ബ്രിക്സ് ഉച്ചകോടിയുടെ ഇടവേളയിൽ നടക്കുന്ന മോദി-ഷി കൂടിക്കാഴ്ച ഇന്ത്യ-ചൈന ബന്ധത്തിന്റെ ഭാവി നിർണ്ണയിക്കുന്ന ഒന്നായി ലോകം ഉറ്റുനോക്കുന്നു. ന്യൂഡൽഹിയിലെ ബ്രിക്സ് ഉച്ചകോടി ലോകത്തിലെ പ്രമുഖ വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകളായ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയെ ഒന്നിച്ചു കൊണ്ടുവരുന്നു, ബഹുമുഖ സഹകരണമാണ് ഈ ഉച്ചകോടിയുടെ പ്രധാന അജണ്ട.
ആഗോള ഭരണത്തിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കാനും അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളിൽ പരിഷ്കാരങ്ങൾ വരുത്താനും വ്യാപാര-നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്താനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകൾക്ക് ബ്രിക്സ് ഒരു പ്രധാന വേദിയായി മാറിയിട്ടുണ്ട്.
ചൈനീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, ഷിയുടെ പങ്കാളിത്തം ബ്രിക്സ് കൂട്ടായ്മയോടുള്ള ബെയ്ജിങ്ങിന്റെ പ്രതിബദ്ധതയും കൂടുതൽ ഉൾക്കൊള്ളുന്ന ഒരു ആഗോള ക്രമം രൂപപ്പെടുത്തുന്നതിലെ പങ്കും വ്യക്തമാക്കുന്നു.
മേഖലയിലെ അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം വിപുലീകരിക്കുക, പേയ്മെന്റ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, ശാസ്ത്ര സാങ്കേതിക രംഗത്തെ സഹകരണം വർദ്ധിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുക, പ്രധാന അന്താരാഷ്ട്ര വിഷയങ്ങളിൽ ഏകോപനം നടത്തുക എന്നിവ ചർച്ചയാകും.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെട്ടിരുന്ന ബ്രിക്സ് 2024-ൽ ഈജിപ്ത്, എത്യോപ്യ, ഇറാൻ, യു.എ.ഇ, സൗദി അറേബ്യ എന്നിവരെയും, 2025-ൽ ഇന്തോനേഷ്യയെയും ഉൾപ്പെടുത്തി വിപുീകരിച്ചു. ബെലാറസ്, ബോളിവിയ, കസാക്കിസ്ഥാൻ, ക്യൂബ, മലേഷ്യ, നൈജീരിയ, തായ്ലൻഡ്, ഉഗാണ്ട, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ കഴിഞ്ഞ വർഷം ബ്രിക്സ് പങ്കാളിത്ത രാജ്യങ്ങളായി മാറി.
ലോകത്തിലെ പ്രമുഖ 11 വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകളെ ഏകോപിപ്പിക്കുന്ന ഈ കൂട്ടായ്മ, ആഗോള ജനസംഖ്യയുടെ 49.5 ശതമാനത്തെയും, ആഗോള ജി.ഡി.പിയുടെ 40 ശതമാനത്തെയും, ആഗോള വ്യാപാരത്തിന്റെ 26 ശതമാനത്തെയും പ്രതിനിധീകരിക്കുന്ന അതിശക്തമായ ഒന്നായി മാറിയിരിക്കുന്നു.
മനുഷ്യ കേന്ദ്രീകൃതമായ കാഴ്ചപ്പാടോടെയുള്ള പ്രധാനമന്ത്രി മോദിയുടെ ‘ഹ്യൂമാനിറ്റി ഫസ്റ്റ്’ (മനുഷ്യത്വം പ്രഥമം) സന്ദേശം മുൻനിർത്തി ‘റെസിലിയൻസ്, ഇന്നൊവേഷൻ, കോഓപ്പറേഷൻ ആന്റ് സസ്റ്റൈനബിലിറ്റി’ (അതിജീവനം, നവീകരണം, സഹകരണം, സുസ്ഥിരത) എന്ന പ്രമേയത്തിലാണ് ഇന്ത്യയുടെ അധ്യക്ഷതയിലുള്ള ഈ ബ്രിക്സ് ഉച്ചകോടി നടക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ബ്രിക്സിന്റെ സ്ഥാപക അംഗങ്ങളിൽ ഒന്നായ ഇന്ത്യ ഇതിനുമുമ്പ് 2012, 2016, 2021 എന്നീ വർഷങ്ങളിൽ അധ്യക്ഷസ്ഥാനം വഹിച്ചിട്ടുണ്ട്. ജനുവരി 1-നാണ് ഇന്ത്യ നാലാം തവണയും അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. കൂടാതെ, 2026 എന്ന വർഷം ബ്രിക്സ് രൂപീകൃതമായി 20 വർഷം പൂർത്തിയാകുന്ന സവിശേഷമായ ഒരു നാഴികക്കല്ല് കൂടിയാണ്.
വർഷങ്ങളായി, രാഷ്ട്രീയം-സുരക്ഷ, സാമ്പത്തികം-ധനകാര്യം, സാംസ്കാരികം-ജനകീയ കൈമാറ്റങ്ങൾ എന്നീ മൂന്ന് പ്രധാന മേഖലകളിലൂടെ സമഗ്രമായ സഹകരണ സംവിധാനമായി ബ്രിക്സ് ക്രമാനുഗതമായി വളർന്നിട്ടുണ്ട്.
For more details: The Indian Messenger



