ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിൽ വി.സിമാർ പങ്കെടുത്തത് വിവാദത്തിലേക്ക്.

തൃശൂർ: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിൽ കാർഷിക സർവകലാശാല, കേരള സർവകലാശാല വൈസ് ചാൻസിലർമാർ പങ്കെടുത്തത് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെക്കുന്നു. തൃശൂരിൽ നടന്ന ശോഭായാത്രയുടെ ഉദ്ഘാടകയായി എത്തിയത് കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. സജിതാ റാണിയാണ്. ആർ.എസ്.എസ് അനുകൂല അധ്യാപക പരിഷത്തിന്റെ നേതാവ് കൂടിയായ ഡോ. സജിതാ റാണിയുടെ വി.സി നിയമനം സംബന്ധിച്ച് നിലവിൽ രാഷ്ട്രീയ വിവാദങ്ങൾ നിലനിൽക്കെയാണ് അവർ ആർ.എസ്.എസ് പോഷക സംഘടനയുടെ വേദിയിൽ എത്തിയത്.
ശോഭായാത്രയിൽ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലും പങ്കെടുത്തു. മുൻപ് കാർഷിക വകുപ്പിൽ നിന്ന് ബി. അശോക് മാറിയ പശ്ചാത്തലത്തിലാണ് വി.സിയുടെ പകരം ചുമതല ഡോ. സജിതാ റാണിക്ക് നൽകിയത്. വി.സി നിയമനത്തിനായി കൃഷിവകുപ്പ് മൂന്നുപേരുടെ പാനൽ നൽകിയിരുന്നെങ്കിലും, ആ പാനലിനെ പൂർണ്ണമായും അവഗണിച്ചാണ് ഗവർണർ സജിതാ റാണിയെ തൽസ്ഥാനത്തേക്ക് നിയമിച്ചതെന്ന ആരോപണം ശക്തമാണ്. വൈസ് ചാൻസിലർമാരുടെ സംഘപരിവാർ സംഘടനാ പങ്കാളിത്തത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനമുയരുന്നുണ്ട്.
For more details: The Indian Messenger



