
തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസത്തിന്റെ പാദമുദ്രകൾ പതിഞ്ഞ പുരാതന വഴികളിലൂടെ ഡോ. ജോർജ് എം. കാക്കനാട് നടത്തിയ തീർഥാടന അനുഭവങ്ങൾ കോർത്തിണക്കിയ ‘വിശ്വാസത്തിന്റെ ഏഴു വാതിലുകൾ’ എന്ന യാത്രാ വിവരണ പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഡോ. തോമസ് മാർ അത്തനാസിയസ് മെത്രാപ്പോലീത്ത, കേന്ദ്ര ഗ്രാമവികസന വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി വിരമിച്ച സന്തോഷ് മാത്യു ഐ.എ.എസിന് ആദ്യ പ്രതി നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ സാന്നിധ്യത്തിൽ നടന്ന പ്രകാശന ചടങ്ങിൽ എഴുത്തുകാരൻ ഡോ. ജോർജ് എം. കാക്കനാട് ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. ബിഹാർ കേഡറിൽ ചീഫ് സെക്രട്ടറി റാങ്കിൽ വിരമിച്ച സന്തോഷ് മാത്യു തിരുവനന്തപുരം പട്ടം ഇടവകാംഗമാണ്.
തുർക്കി മുതൽ അൽബേനിയ വരെയുള്ള ഏഴ് രാജ്യങ്ങളിലൂടെ നടത്തിയ തീർഥാടന യാത്രാ അനുഭവങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പ്രശസ്ത സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. തുർക്കിയുടെ മണ്ണിലെ റോമൻ സാമ്രാജ്യത്വ ശേഷിപ്പുകളിലെ ആദ്യകാല സഭാ പ്രാർത്ഥനകളിൽ നിന്ന് തുടങ്ങുന്ന പുസ്തകം, ഗ്രീസിലെ മെറ്റിയോറയിലെ പാറക്കെട്ടുകൾക്ക് മുകളിലുള്ള ആശ്രമങ്ങൾ, അൽബേനിയ ഉൾപ്പെടെയുള്ള കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ അതിപുരാതന ദേവാലയങ്ങൾ എന്നിവയിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. നൂറ്റാണ്ടുകളുടെ ചരിത്രത്തെയും അതിജീവനത്തെയും തൊട്ടറിയുന്ന ഈ യാത്ര കേവലം ഭൂമിശാസ്ത്രപരമായ ഒന്നല്ല, മറിച്ച് ആത്മീയ വെളിച്ചം പകരുന്ന തീർഥാടനമായിരുന്നുവെന്ന് എഴുത്തുകാരൻ വ്യക്തമാക്കി.
For more details: The Indian Messenger



