ഇസ്ലാം വിരുദ്ധ പ്രസ്താവന പിൻവലിച്ച് മുഖ്യമന്ത്രി മാപ്പുപറയണം, പദവിക്ക് യോജിക്കാത്തതെന്ന് വിമർശനം.

മലപ്പുറം: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു എന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമർശത്തിനെതിരെ സമസ്ത കാന്തപുരം വിഭാഗം. മുഖ്യമന്ത്രി പ്രസ്താവന പിൻവലിക്കണമെന്നും മാപ്പുപറയണമെന്നുമാണ് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാഅത്തിന്റെ ആവശ്യം. സംഘടനയുടെ മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. സതീശൻ നടത്തിയത് പദവിക്ക് യോജിക്കാത്ത പരാമർശമാണെന്നും പ്രസ്താവനയിലുണ്ട്.
ഏറെ ജനപ്രിയനായിട്ടുള്ള മുഖ്യമന്ത്രി വിഡി സതീശൻ വിശുദ്ധ ഖുർആനെയും പ്രവാചകനെയും ഇസ്ലാമിനെയും കുറിച്ച് കൂടുതൽ പഠിക്കാൻ തയ്യാറാവണം. ഇസ്ലാമിക ചരിത്രത്തെയും സംഭവത്തെയും തെറ്റായി മനസ്സിലാക്കി അത് സന്ദർഭം പോലും മനസ്സിലാക്കാതെ വിളിച്ചുപറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് പോലും യോജിച്ചതല്ല എന്നും പ്രസ്താവനയിൽ പറയുന്നു.
ഇന്ന് മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് കാന്തപുരത്തിന്റെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തെ പരസ്യമായി തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയത്. പുരോഗമന കേരളത്തിന് യോജിച്ച ഒരു നിലപാടല്ല കാന്തപുരം നടത്തിയത്. ആ പ്രസ്താവനയോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ല. ഇത്തരം പ്രസ്താവനകൾ ഇസ്ലാമിനെപ്പോലും തെറ്റായി വ്യാഖ്യാനിച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
നേരത്തേ കാന്തപുരത്തിന്റെ പ്രസ്താവനയെ വിമർശിച്ച് പി കെ ശ്രീമതി, പി ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ രംഗത്തെത്തിയിരുന്നു. അതിനിടെ സിപിഎം നേതാക്കളായ സഖാവ് ടി കെ ഹംസയും കെ ടി ജലീലും കാന്തപുരത്തെ ന്യായീകരിക്കുന്ന നിലപാടുമായി രംഗത്തെത്തിയത് അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.
For more details: The Indian Messenger



