മുനമ്പത്തേത് വഖഫ് ഭൂമി തന്നെ; പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാമെന്ന് വഖഫ് ബോർഡ് ചെയർമാൻ എം.സി. മായിൻ ഹാജി.

മലപ്പുറം: മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് വഖഫ് ബോർഡ് ചെയർമാൻ എം.സി. മായിൻ ഹാജി വ്യക്തമാക്കി. ആ ഭൂമി വഖഫ് സ്വത്ത് ആണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. 2019-ൽ താൻ കൂടി അംഗമായ ബോർഡ് ആണ് ഭൂമി വഖഫ് ആയി രജിസ്റ്റർ ചെയ്തത്. ആളുകളുടെ കിടപ്പാടവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സർക്കാർ ഇടപെട്ട് സഹായം ചെയ്യണം. ബോർഡിന് നിയമപ്രകാരമേ ഇടപെടാൻ കഴിയുകയുള്ളൂവെന്നും മായിൻ ഹാജി പറഞ്ഞു.
“മുനമ്പത്തെ ഭൂമി വഖഫ് ആയി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. വഖഫ് ബോർഡിന്റെ നടപടി ന്യായമല്ലെന്ന് തോന്നുന്നുണ്ടെങ്കിൽ അവർക്ക് അപ്പീൽ പോകാം. കിടപ്പാടം നഷ്ടമാകുന്നവരെ സഹായിക്കുകയെന്നത് സർക്കാർ ചെയ്യേണ്ട കാര്യമാണ്. സർക്കാർ അവർക്ക് ആവശ്യമായ സഹായം ചെയ്യണം. വഖഫ് ബോർഡിനെ സംബന്ധിച്ച് അതിൽ മറ്റൊന്നും ചെയ്യാനാവില്ല”- മായിൻ ഹാജി പറഞ്ഞു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമാണ് മായിൻ ഹാജിയുടെ വാക്കുകൾ. മുനമ്പത്തെ വിവാദ ഭൂമി വഖഫ് സ്വത്തല്ല എന്ന തന്റെ മുൻ നിലപാടിൽ മാറ്റമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. സർക്കാർ ഇക്കാര്യത്തിൽ എന്താണു ചെയ്യാൻ പോകുന്നത് എന്ന് വകുപ്പു മന്ത്രി വിശദീകരിക്കും. മുനമ്പത്തെ സ്ഥലം കേന്ദ്രസർക്കാരിന്റെ വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്ന ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതു കഴിഞ്ഞ സർക്കാർ നിയമിച്ച വഖഫ് ബോർഡാണ്. അധികാരത്തിലെത്തിയാൽ 10 മിനിറ്റുകൊണ്ട് തീർക്കാവുന്ന പ്രശ്നമാണ് മുനമ്പത്തേതെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറയുകയും ചെയ്തിരുന്നു.
For more details: The Indian Messenger



