
കൊച്ചി: സൈജു കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി വേഷമിടുന്ന മുഴുനീള ഫൺ കോമഡി ത്രില്ലർ ചിത്രത്തിന് തുടക്കമായി. സെപ്റ്റംബർ 7 തിങ്കളാഴ്ചയാണ് ചിത്രത്തിന്റെ പൂജയും ചിത്രീകരണവും ആരംഭിച്ചത്. സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ‘അരുൺ ഗോപി എക്സൈറ്റ്മെന്റിന്റെ’ ബാനറിൽ പ്രശസ്ത സംവിധായകൻ അരുൺ ഗോപിയാണ് നിർമ്മിക്കുന്നത്. അരുൺ ഗോപി കമ്പനി നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രമായ ‘മെൽ കൗ പോണ്ടിച്ചേരി’ നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്.

കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങിൽ ശ്രീ ഖാലിദ് നാലകത്തും അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു. പ്രശസ്ത നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ സ്വിച്ച് ഓൺ കർമ്മവും നിതേഷ് നായർ ഫസ്റ്റ് ക്ലാപ്പും നിർവ്വഹിച്ചു. ചലച്ചിത്ര രംഗത്തെ പ്രമുഖരും ബന്ധുമിത്രാദികളും ചടങ്ങിൽ പങ്കെടുത്തു.
പ്രൈവറ്റ് ഡിറ്റക്ടീവ് ചാണ്ടിക്കുഞ്ഞ് ഒരു കേസ് ഏറ്റെടുക്കുന്നതും തുടർന്നുണ്ടാകുന്ന അന്വേഷണവുമാണ് സിനിമയുടെ പ്രമേയം. സൈജു കുറുപ്പിന്റെ കരിയറിലെ തന്നെ വേറിട്ട കഥാപാത്രമായിരിക്കും പ്രൈവറ്റ് ഡിറ്റക്ടീവ് ചാണ്ടിക്കുഞ്ഞ്. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സായ് കുമാർ, അൽത്താഫ് സലിം, ഹരിശ്രീ അശോകൻ, സുധീഷ്, അഭിറാം രാധാകൃഷ്ണൻ, മധുപാൽ, പ്രശസ്ത സംഗീത സംവിധായകൻ ഷാൻ റഹ്മാൻ, ജയകൃഷ്ണൻ, രാജേഷ് ശർമ്മ, ഷാജു ശ്രീധർ, അഖിൽ (പാൻ ഇന്ത്യൻ), ഷമീർ ഖാൻ, റിയാ ജിത്തു, വിൻസി അലോഷ്യസ്, ആൽഫി പഞ്ഞിക്കാരൻ, ഉത്തരാ ഉണ്ണി, ശ്രീരേഖ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
സനൽ ദേവ് സംഗീതവും സനീഷ് സ്റ്റാൻലി ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. രതീഷ് രാജ് (എഡിറ്റിംഗ്), ജീമോൻ (കലാസംവിധാനം), സ്വെതിൻ (മേക്കപ്പ്), അരുൺ മനോഹർ (കോസ്റ്റ്യും ഡിസൈൻ), അരുൺലാൽ (ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ), രാംദാസ് മാത്തൂർ (സ്റ്റിൽസ്), വിവേക് (പ്രൊഡക്ഷൻ മാനേജർ), വിനോദ് വേണുഗോപാൽ (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്), ഷഹാബ് വെണ്ണല (പ്രൊഡക്ഷൻ കൺട്രോളർ) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകും. വാർത്ത: വാഴൂർ ജോസ്.
For more details: The Indian Messenger



