ദമ്മാം വിമാനത്താവളത്തിന് നേരെ ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്; 4 ഡ്രോണുകൾ തകർത്തതായി സഖ്യസേന.

ദമ്മാം: ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബുധനാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തിൽ ഒരു വിദേശി കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജനറൽ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷൻ (GACA) അറിയിച്ചു.
ആക്രമണത്തിൽ ഒരാൾ മരണപ്പെടുകയും, നിസ്സാരവും ഗുരുതരവുമായ പരിക്കുകളോടെ എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അതോറിറ്റി വ്യക്തമാക്കി. പരിക്കേറ്റവരെ ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കുന്നതിനായി ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റി.
ആക്രമണത്തിൽ ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ഇതിന്റെ വ്യാപ്തി വിലയിരുത്തി വരികയാണെന്നും സ്ഥിരീകരിച്ച അതോറിറ്റി, കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പ്രഖ്യാപിക്കുമെന്നും കൂട്ടിച്ചേർത്തു.
അതേസമയം, സൗദി അറേബ്യയുടെ ഈസ്റ്റേൺ പ്രൊവിൻസിൽ (കിഴക്കൻ പ്രവിശ്യ) പ്രവേശിച്ച നാല് ഡ്രോണുകൾ സഖ്യസേന തടയുകയും തകർക്കുകയും ചെയ്തതായി യമനിലെ നിയമസാധുതയെ പിന്തുണയ്ക്കുന്ന സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി പ്രഖ്യാപിച്ചു.
For more details: The Indian Messenger



