പുതിയ ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ; ഫന്റാസി ത്രില്ലർ ചിത്രം ‘മായൻ’ ഡിസംബർ 3-ന് തിയേറ്ററുകളിലേക്ക്.

ഗൗരവ ഭാവത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷവിധാനത്തിൽ ജയസൂര്യ. കയ്യിൽ കുരിശിന്റെ സാദൃശ്യമുള്ള ഇരുമ്പു ദണ്ഡ്. ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘മായൻ’ എന്ന ചിത്രത്തിന്റെ പുതിയ ലുക്കാണിത്. ‘മായൻ’ എന്ന പേരു സൂചിപ്പിക്കും പോലെ തന്നെ പല മായാവിദ്യകളും ചിത്രത്തിന്റെതായി പുറത്തുവരുന്ന ലുക്കുകളിൽ നിന്നും മനസ്സിലാക്കാം. ‘മായന്റേത്’ ഇതുവരെയെത്തിയ പോസ്റ്ററുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ലുക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ പോസ്റ്റർ.

മാജിക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരുന്നു. ഡിസംബർ മൂന്നിന് ചിത്രം പ്രദർശനത്തിനെത്തുന്നു.
ചിത്രത്തിന്റെ പ്രമേയത്തിലും വലിയ പുതുമയാണ് ‘മായന്റേത്’. സത്യവും മിഥ്യയുമൊക്കെ കൈകോർക്കുന്ന ഈ ചിത്രം വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിന്റെ കഥ ഫന്റാസി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുകയാണ് ജിതിൻ കെ. ജോസ് ഈ ചിത്രത്തിലൂടെ.
ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നൈലാ ഉഷ, വിജയ് ബാബു, അർഷാ ബൈജു, നിരഞ്ജനാ അനൂപ്, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധായകൻ ജിതിൻ കെ. ജോസും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ സംഗീതം മുജീബ് മജീദും ഛായാഗ്രഹണം ഫൈസൽ അലിയും നിർവ്വഹിക്കുന്നു. എഡിറ്റിംഗ്: പ്രവീൺ കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രോഹിത് ആർ. നായർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: അമൽ ചന്ദൻ, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്, സ്റ്റിൽസ്: സിനറ്റ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വി. ബോസ്, പ്രൊഡക്ഷൻ മാനേജർ: പീറ്റർ അർത്തുങ്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എബി ബെന്നി, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ. വാർത്ത: വാഴൂർ ജോസ്.
For more details: The Indian Messenger



