INDIA NEWSTOP NEWS

ബി.എം.ബി.സി റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നു; അധികൃതരുടെ അവഗണനയിൽ അമർഷവുമായി പ്രദേശവാസികൾ.

Sponsored

കായംകുളം: അടുത്തിടെ ബി.എം.ബി.സി. നിലവാരത്തിൽ നിർമ്മിച്ച റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുന്നു. വെള്ളം കെട്ടിക്കിടന്ന് റോഡ് തകർച്ചയുടെ വക്കിലെത്തിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രദേശവാസികൾ കടുത്ത അമർഷത്തിലാണ്. കായംകുളം നഗരസഭയിലെ ലക്ഷ്മി തിയേറ്റർ – കെ.പി.എ.സി. ജങ്ഷൻ റോഡിൽ മുട്ടേത്ത് പാലത്തിന് സമീപമാണ് റോഡിന്റെ മധ്യഭാഗത്തായി പൈപ്പ് പൊട്ടിയത്.

പൈപ്പ് പൊട്ടി വെള്ളം ഒഴുക്ക് തുടരുന്നതിനാൽ റോഡിലെ ടാറിങ് ഇളകുന്ന അവസ്ഥയിലാണ്. ഏറെക്കാലം തകർന്നു കിടന്ന ശേഷം അടുത്തിടെയാണ് ഈ റോഡ് ബി.എം.ബി.സി. നിലവാരത്തിൽ പുനർനിർമ്മിച്ചത്. എന്നാൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡ് വീണ്ടും തകരുന്ന സ്ഥിതിയിലാണ്. റോഡിലൂടെ ഒഴുകുന്ന വെള്ളം സമീപത്തെ കനാലിലേക്കാണ് പതിക്കുന്നത്. കൂടാതെ, റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ തെന്നിവീണ് അപകടങ്ങൾ പതിവാകുകയും, വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാർക്ക് വെള്ളം തെറിക്കാതിരിക്കാൻ ഓടിമാറേണ്ട അവസ്ഥയുമാണ്.

പൈപ്പ് പൊട്ടി രണ്ടാഴ്ചയായിട്ടും ബന്ധപ്പെട്ട അധികൃതർ തിരിഞ്ഞുനോക്കാത്തതിൽ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധമുണ്ട്. നഗരത്തിന്റെ പലഭാഗങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴായിപ്പോയിട്ടും വാട്ടർ അതോറിറ്റി നടപടിയെടുക്കാത്തത്. നഗരത്തിലെ കുടിവെള്ള വിതരണ പൈപ്പുകൾ ഭൂരിഭാഗവും കാലപ്പഴക്കമുള്ളതായതിനാൽ പൈപ്പ് പൊട്ടുന്നത് പതിവായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, വാട്ടർ അതോറിറ്റിയും നഗരസഭയും അടിയന്തരമായി ഇടപെട്ട് പൈപ്പ് അറ്റകുറ്റപ്പണി നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button