പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മതപണ്ഡിതൻ അറസ്റ്റിൽ; കൂടുതൽ പെൺകുട്ടികൾ ഇരയായതായി സൂചന.

ഓച്ചിറ: പതിനാറുകാരിയായ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രമുഖ മതപണ്ഡിതൻ അറസ്റ്റിലായതിന് പിന്നാലെ, ഇയാൾ കൂടുതൽ പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പോലീസിന് പ്രാഥമിക സൂചന ലഭിച്ചു. ഓച്ചിറ ഹബീബിയ്യ ഇസ്ലാമിക് അക്കാദമി എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ മുഹമ്മദ് നിയാസ് ജൗഹരിക്കെതിരെയാണ് നിലവിൽ പതിനാറുകാരി പരാതി നൽകിയിട്ടുള്ളത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ (POCSO), ബലാത്സംഗം എന്നീ കടുത്ത വകുപ്പുകൾ ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി അഞ്ചുലക്ഷത്തോളം ഫോളോവേഴ്സുള്ള വ്യക്തിയാണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി.
പരാതിക്കാരിയായ പെൺകുട്ടിയുടെ പിതാവിന്റെ അമ്മയുടെ ശരീരത്തിലുള്ള ബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പെൺകുട്ടിയെയും അച്ഛന്റെ അമ്മയെയും വിളിച്ചുവരുത്തിയത്. തുടർന്ന് ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലും സ്ഥാപനത്തിലും വെച്ച് 16-കാരിയെ പലതവണ പീഡനത്തിന് ഇരയാക്കുകയായിരുന്നു. 2025 ഒക്ടോബർ, നവംബർ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനവിവരം പെൺകുട്ടി തന്റെ സുഹൃത്തുക്കളോട് പങ്കുവെച്ചതിനെ തുടർന്നാണ് വിവരമറിഞ്ഞ പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തത്.
കരുനാഗപ്പള്ളി എ.സി.പി. ആർ. വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ സി.ഐ. ജി. ഗോപകുമാർ, ഓച്ചിറ എസ്.എച്ച്.ഒ. ഷമീർ, എസ്.ഐ. വേണുഗോപാൽ, എസ്.സി.പി.ഒ.മാരായ സുരേഷ്, ദീപു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
For more details: The Indian Messenger



