ടീച്ചർമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത സംഭവം! പ്രതി ശ്രീഹരിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും; ലക്ഷ്യം പണമോയെന്ന് അന്വേഷിച്ച് പോലീസ്.

തൃക്കാക്കര ഭാരതമാതാ കോളേജിലെ ഞെട്ടിപ്പിക്കുന്ന മോർഫിങ് കേസിൽ പ്രതി എസ്. ശ്രീഹരിയെ വിശദമായ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം സെപ്റ്റംബർ 7-ന് കസ്റ്റഡിയിൽ വാങ്ങും. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്. കസ്റ്റഡിയിൽ ലഭിച്ചാലുടൻ പ്രതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.
അധ്യാപകരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും, സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തതിനുള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും ചില പെൺകുട്ടികളുടെ യഥാർഥ ചിത്രങ്ങൾ മോശമായ സൂചന നൽകുന്ന രീതിയിൽ ടെലിഗ്രാമിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
കുറ്റകൃത്യത്തിന് പിന്നിൽ സാമ്പത്തിക ലക്ഷ്യങ്ങളുണ്ടോ എന്ന് പരിശോധിച്ചെങ്കിലും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് അത്തരം തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പ്രതിയുടെ ഫോണും ലാപ്ടോപ്പും വിശദമായ പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്.
കുറ്റകൃത്യത്തിന് ഉപയോഗിച്ച ടെലിഗ്രാം ഗ്രൂപ്പുകൾ പൂർണമായി ഡിലീറ്റ് ചെയ്ത നിലയിലായതിനാൽ, നശിച്ചുപോയ ഡിജിറ്റൽ വിവരങ്ങൾ വീണ്ടെടുക്കുകയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ സി.കെ. ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
For more details: The Indian Messenger



