
കൊടുങ്ങല്ലൂർ: മലയാളികളുടെ പ്രിയ നടി സുഹാസിനി മണിരത്‌നം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘അഞ്ചാം പ്രമാണം’ ചിത്രീകരണം ആരംഭിച്ചു. ഏപ്രിൽ ആറ് തിങ്കളാഴ്ച കൊടുങ്ങല്ലൂരിനടുത്ത് പൊയ്യയിലാണ് സിനിമയ്ക്ക് തുടക്കമായത്. സുഹാസിനി തന്നെ ആദ്യ ഭദ്രദീപം തെളിയിച്ച ചടങ്ങിൽ ഫാദർ സജി ജോർജ് വട്ടക്കുഴി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. സുഹാസിനി തന്നെയാണ് ഫസ്റ്റ് ക്ലാപ്പും നൽകിയത്.
ജയ് ദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം റൂബി എൻഡവറാണ് നിർമ്മിക്കുന്നത്. 80-കളിലെ പ്രതാപശാലിയായ ഒരു സുറിയാനി ക്രിസ്ത്യൻ കുടുംബത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സൈക്കോളജിക്കൽ ത്രില്ലറാണ് അഞ്ചാം പ്രമാണം. കുടുംബബന്ധങ്ങളുടെ മൂല്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന തറവാട്ടിൽ സ്ത്രീകൾ പലപ്പോഴും അപ്രസക്തരാകുന്ന സാഹചര്യവും അതിനിടയിൽ സംഭവിക്കുന്ന അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് സിനിമയുടെ ഇതിവൃത്തം. തികച്ചും റിയലിസ്റ്റിക്കായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്.
ഈ തറവാട്ടിലെ കേന്ദ്ര കഥാപാത്രമായ ‘ഗ്രേസി’യെയാണ് സുഹാസിനി അവതരിപ്പിക്കുന്നത്. കനി കുസൃതി മറ്റൊരു പ്രധാന വേഷമായ ‘ആനി’യെ അവതരിപ്പിക്കുന്നു. രൺജി പണിക്കർ, നിമിഷ എലിസബത്ത് ഡീൻ, ഷെബിൻ ബെൻസൺ, വിനയ് മേനോൻ, അഖില നാഥ് എന്നിവരാണ് മറ്റ് താരങ്ങൾ. കോമൺവെൽത്ത് പുരസ്ക്കാര ജേതാവായ ഷൈനി ആന്റണിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് താരം നിമിഷ എലിസബത്ത് ഡീനിന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്.
നിരവധി പുരസ്ക്കാര ജേതാക്കൾ അണിനിരക്കുന്ന ഒരു സ്ത്രീപക്ഷ സിനിമ കൂടിയാണ് അഞ്ചാം പ്രമാണം. ദേശീയ പുരസ്ക്കാര ജേതാവായ മിരിയം ചാണ്ടി (കോ-ഡയറക്ടർ), പ്രശസ്ത എഡിറ്റർ ബീനാപോൾ, കോസ്റ്റ്യൂം ഡിസൈനർ മഞ്ജുഷ രാധാകൃഷ്ണൻ, മേക്കപ്പ് ആർട്ടിസ്റ്റ് വിൻസി തുടങ്ങിയ സ്ത്രീ സാന്നിധ്യങ്ങൾ ചിത്രത്തിന്റെ മുൻനിരയിലുണ്ട്. സൂരജ് എസ് കുറുപ്പാണ് സംഗീതം. സിന്റോ പൊടുത്താസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. കൊടുങ്ങല്ലൂരും തൊടുപുഴയിലുമായി ചിത്രീകരണം പൂർത്തിയാകും.
(News: Vazhoor Jose)
For more details: The Indian Messenger



