
കൊച്ചി: മലയാള സിനിമയിൽ ഇതുവരെ കാണാത്ത ആനവേട്ടക്കാരന്റെ കഥയുമായി ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ‘കാട്ടാളൻ’ വരുന്നു. ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ വിഷു ദിനത്തിൽ പുറത്തുവിട്ടു. പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ നവമാധ്യമങ്ങളിൽ വലിയ തരംഗമാണ് ട്രെയിലർ സൃഷ്ടിച്ചിരിക്കുന്നത്. ഒരു സമ്പൂർണ്ണ ആക്ഷൻ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും ഉൾപ്പെടുത്തിയ ട്രെയിലർ മെയ് മാസത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന പ്രഖ്യാപനവുമായാണ് എത്തിയത്.
സത്യമംഗലം കാട്ടിലെ ഇരുന്നൂറോളം ആനകളെ കൊന്ന് കൊമ്പു കടത്തിയ കൊള്ളക്കാരനായ ആൻ്റെണിയുടെ സംഭവബഹുലമായ കഥയാണ് ചിത്രം പറയുന്നത്. “ആനകൾ അവനെ കണ്ടാൽ പതുങ്ങും” എന്ന ട്രെയിലറിലെ വരികൾ പെപ്പെയുടെ കഥാപാത്രത്തിന്റെ കരുത്തിനെ അടിവരയിടുന്നു. വെറുമൊരു ആനവേട്ടക്കാരൻ എന്നതിലുപരി ആൻ്റെണിക്ക് ചില കുടുംബപരമായ പ്രതികാരങ്ങളും നടപ്പിലാക്കാനുണ്ടെന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട്. സംഭാഷണങ്ങളിലെ തീക്ഷ്ണതയും ആക്ഷൻ രംഗങ്ങളിലെ മികവും ചിത്രം ഒരു പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പിക്കുന്നു.
മലയാളത്തിലെ പ്രമുഖ താരങ്ങളായ ജഗദീഷ്, സിദ്ദിഖ് എന്നിവർക്കൊപ്പം കബീർ ദുഹാൻ സിംഗ്, തുഷാര വിജയൻ, ആൻസൺ പോൾ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. പ്രശസ്ത സംഗീതജ്ഞൻ രവി ബസ്രൂർ (കെ.ജി.എഫ് ഫെയിം), ആക്ഷൻ കോറിയോഗ്രഫർ കെംബ കെച്ചടിക്ക എന്നിവരുടെ സാന്നിധ്യം സാങ്കേതികമായി ചിത്രത്തെ മികച്ചതാക്കുന്നു. ഉണ്ണി ആർ. ആണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന കാട്ടാളൻ തായ്ലൻഡ്, ഇടുക്കി, മുംബൈ, ചെന്നൈ തുടങ്ങി വിവിധ ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
News: Vazhoor Jose
For more details: The Indian Messenger



