അനധികൃത നിർമാണം സ്വയം പൊളിച്ചു നീക്കണം; ഇല്ലെങ്കിൽ നഗരസഭ പൊളിക്കുമെന്ന് മേയർ വി.വി. രാജേഷ്.

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ വ്യാപകമായി അനധികൃതമായി നിർമാണങ്ങൾ നടത്തി കച്ചവടം നടത്തുന്നുണ്ടെന്ന് മേയർ വി.വി. രാജേഷ്. നിലവിലുള്ള അനധികൃത നിർമാണങ്ങൾ നിയമലംഘനം നടത്തിയവർ തന്നെ സ്വയം പൊളിച്ചു നീക്കാൻ തയ്യാറാകണമെന്നും അതിന് തയ്യാറായില്ലെങ്കിൽ നഗരസഭ നേരിട്ട് വന്ന് ഇവ പൊളിച്ചു നീക്കുമെന്നും മേയർ വി.വി. രാജേഷ് പറഞ്ഞു. നഗരമധ്യത്തിലെ പാളയം മാർക്കറ്റിൽ അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ തിരുവനന്തപുരം നഗരസഭ അധികൃതർ ഞായറാഴ്ച പൊളിച്ചുനീക്കിയിരുന്നു.
സ്മാർട്ട് സിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച കെട്ടിടങ്ങളിൽ നിലവിൽ കച്ചവടം നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. വായുസഞ്ചാരം പോലുമില്ലാത്ത രീതിയിലാണ് ഈ കെട്ടിടങ്ങളുടെ നിർമാണം നടന്നിരിക്കുന്നത്. നഗരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്താണ് കെട്ടിടം നിർമിച്ചതെങ്കിലും വായുസഞ്ചാരമില്ലാത്തത് കാരണം നിലവിൽ ആരും ഇത് വാടകയ്ക്ക് എടുക്കാൻ തയ്യാറാകുന്നില്ല. ഇതിനുപുറമേ, ഇവിടുത്തെ മൂന്ന് നില കെട്ടിടത്തിലേക്ക് കയറാനുള്ള വഴികൾ പലരും കൈയേറി കച്ചവടം നടത്തുകയാണ്. ഇത്തരത്തിൽ വഴികൾ കൈയേറി താൽക്കാലിക കടകൾ കെട്ടി ദിവസവും 2000 രൂപ വരെ വാടകയ്ക്ക് കൊടുക്കുന്ന വലിയൊരു തട്ടിപ്പും ഇവിടെ നടക്കുന്നുണ്ട്. ഇതിനെതിരെയുള്ള ആദ്യഘട്ട നടപടിയെന്നോണം ഇത്തരം അനധികൃത നിർമാണങ്ങൾ ഇന്ന് മുതൽ പൊളിച്ചുനീക്കാൻ ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ രേഖകൾ പരിശോധിച്ച ശേഷം ബാക്കിയുള്ള കൈയേറ്റങ്ങളും പൂർണ്ണമായി പൊളിച്ചു മാറ്റുന്നതാണെന്നും മേയർ പറഞ്ഞു.
(With inputs from MN)
For more details: The Indian Messenger



