യുഎസ് ഉപരോധം ബാധിക്കില്ല; റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ തുടരും.

ആഗോളതലത്തിൽ ഇന്ധനവില വർദ്ധിക്കുന്ന സാഹചര്യത്തിലും പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും, രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്കും സാമ്പത്തിക താല്പര്യങ്ങൾക്കുമാണ് മുൻഗണനയെന്ന് വ്യക്തമാക്കി ഇന്ത്യ. യുഎസ് ഉപരോധത്തിൽ ഇളവുകൾ ഉണ്ടായാലും ഇല്ലെങ്കിലും റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി രാജ്യം തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. റഷ്യൻ കടൽമാർഗ്ഗമുള്ള എണ്ണ കയറ്റുമതിക്കുള്ള പ്രധാന ഉപരോധ ഇളവ് ട്രംപ് ഭരണകൂടം റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ സുപ്രധാന തീരുമാനം.
ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മാറിയെങ്കിലും എണ്ണ ഇറക്കുമതിയിലുള്ള ഇന്ത്യയുടെ നിലപാട് എന്നും ഒരേപോലെയാണെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിലക്കുറവ്, ലഭ്യത, ദേശീയ താല്പര്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് രാജ്യം തീരുമാനങ്ങൾ എടുക്കുന്നത്. യുഎസ് ഇളവുകൾ പ്രഖ്യാപിക്കുന്നതിന് മുൻപും അതിനിടയിലും ഇപ്പോഴും ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നുണ്ടെന്നും, അമേരിക്കൻ ഉപരോധങ്ങളിലെ മാറ്റങ്ങൾ ഇന്ത്യയുടെ വിപണി താല്പര്യങ്ങളെ ബാധിക്കില്ലെന്നും അവർ വ്യക്തമാക്കി.
രാജ്യത്ത് അസംസ്‌കൃത എണ്ണയ്ക്ക് യാതൊരുവിധ ക്ഷാമവുമില്ലെന്നും ആവശ്യമായ എണ്ണ മുൻകൂട്ടി ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രാലയം ജനങ്ങൾക്ക് ഉറപ്പ് നൽകി. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 110.28 ഡോളറായും യുഎസ് ഡബ്ല്യുടിഐ ക്രൂഡ് വില 106.32 ഡോളറായും ഉയർന്നു നിൽക്കുകയാണ്. കുറഞ്ഞ നിരക്കിൽ റഷ്യൻ എണ്ണ ലഭ്യമാകുന്നത് ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. വാണിജ്യപരമായി ലാഭകരമായിരിക്കുന്നിടത്തോളം കാലം റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി രാജ്യം തുടരുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ( With input from ANI & TNIE)
For more details: The Indian Messenger



