അതിരുവിട്ട പെരുന്നാള്‍ ആഘോഷത്തില്‍ നടപടി; തിരക്കേറിയ റോഡിന് നടുവില്‍ പടക്കം പൊട്ടിച്ചു, മൂന്ന് പേർ അറസ്റ്റിൽ.

കോഴിക്കോട്: പെരുന്നാള്‍ ആഘോഷത്തിന്‍റെ പേരില്‍ നടുറോഡില്‍ അപകടകരമാം വിധം പടക്കം പൊട്ടിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഫായിസ്, കുന്ദമംഗലം വേളാട്ടില്‍ വി. അര്‍ഷാദ്, കൊടുവള്ളി വടക്കെപുരയില്‍ മുഹമ്മദ് ഷാനിദ് എന്നിവരെയാണ് കൊടുവള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ സംഘത്തിലുണ്ടായിരുന്ന ഒരാളെ കൂടി ഇനി പിടികൂടാനുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ മെയ് 27-ാം തിയതി രാത്രിയിലാണ് കേസിനാസ്പദമായ അനിഷ്ട സംഭവങ്ങളുണ്ടായത്. കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ കൊടുവള്ളി ബസ് സ്റ്റാന്റിന് സമീപം വലിയ രീതിയിൽ ഗതാഗത തടസ്സം സൃഷ്ടിച്ചുകൊണ്ടായിരുന്നു ഒരു കൂട്ടം യുവാക്കളുടെ ഈ അതിരുവിട്ട ആഘോഷം. തിരക്കേറിയ റോഡിന് നടുവില്‍ പടക്കം പൊട്ടിച്ചും മറ്റ് വാഹനങ്ങള്‍ റോഡിൽ തടഞ്ഞുനിര്‍ത്തിച്ചും വലിയ അപകടാവസ്ഥയാണ് ഈ സംഘം സൃഷ്ടിച്ചത്.
ഏറെ നേരം ഈ ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടതോടെ നാട്ടുകാരും ഇതുവഴി വന്ന മറ്റ് യാത്രക്കാരും യുവാക്കളും തമ്മില്‍ വലിയ വാക്കുതര്‍ക്കവും കൈയ്യാങ്കളിയുമുണ്ടായി. പിന്നീട് സ്ഥലത്തെത്തിയ കൊടുവള്ളി പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ (BNS) 285, 288 വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവസ്ഥലത്തെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.
Short Brief
Three youths were arrested by the Koduvally Police in Kozhikode for creating a public nuisance and traffic gridlock by bursting firecrackers in the middle of the busy Kozhikode-Kollegal National Highway during Eid celebrations on May 27. The reckless act led to a confrontation between commuters and the youths. Police registered a case under BNS Sections 285 and 288 after examining CCTV footage, and a hunt is on for one more accused.
(With inputs from MN)
For more details: The Indian Messenger



