INDIA NEWSKERALA NEWSTOP NEWS

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; ഓണച്ചന്തകൾ ഓഗസ്റ്റ് 8 ന് ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്.

Sponsored

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതൽ ആരംഭിക്കും. മഞ്ഞ റേഷൻ കാർഡ് (എഎവൈ) ഉടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് ഇത്തവണ സൗജന്യ ഓണക്കിറ്റ് നൽകുന്നത്. 16 ഇനം സാധനങ്ങളാണ് ഓണക്കിറ്റിൽ ഉണ്ടാവുക. ഓണസദ്യക്കുള്ള എല്ലാ സാധനങ്ങളും കിറ്റിലുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. 6,09,305 സൗജന്യ ഓണക്കിറ്റുകളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. തുണിസഞ്ചി ഉൾപ്പെടെ 16 ഇനം നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റൊന്നിന് ഉദ്ദേശം 854 രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഓണം ട്രെഡ് ഫെയറുകളും ഓഗസ്റ്റ് 6 മുതൽ ആരംഭിക്കും.

കിറ്റ് വിതരണം ഓഗസ്റ്റ് 25-നകം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഓണക്കാലം പ്രമാണിച്ച് 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും വിപണിയില്‍ എത്തിക്കും. മുൻഗണനേതര വിഭാഗത്തിന് സ്പെഷൽ അരി വിതരണം അടുത്തമാസം ആരംഭിക്കും. നീല കാര്‍ഡുകാര്‍ക്ക് 3 കിലോ അരി 10.90 രൂപ നിരക്കിലും രണ്ടു കിലോ ഗോതമ്പ് 8.70 രൂപയ്ക്കും നൽകും.

ഈ വർഷത്തെ ഓണക്കിറ്റ് വിതരണവും ഓണച്ചന്തകളുടെ പ്രവർത്തനവും ഊർജ്ജിതമാക്കാൻ സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സഹായമാണ് അനുവദിച്ചിട്ടുള്ളത്. ഭക്ഷ്യ വിപണിയിലെ ഇടപെടലിനായി 200 കോടിയും സൗജന്യ ഓണക്കിറ്റ് നൽകുന്നതിനായി 53 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്. മുൻ സർക്കാരുകളൊന്നും ഒരുമിച്ച് ഇത്രയും വലിയ തുക വകുപ്പിന് അനുവദിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ ഓണം ഫെയറുകൾ വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഈ വർഷം 3 ജില്ലകളിൽ ഓണം മെഗാ ട്രേഡ് ഫെയറുകളും 11 ജില്ലകളിൽ ഓണം ജില്ലാ ഫെയറുകളും 126 നിയമസഭാ മണ്ഡലങ്ങളിൽ ഓണം മാർക്കറ്റുകളും സംഘടിപ്പിക്കും. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ഓഗസ്റ്റ് 8 മുതൽ 25 വരെ ഓണം മെഗാ ട്രേഡ് ഫെയറുകൾ നടത്തും. 11 ജില്ലകളിൽ ഓണം ജില്ലാ ഫെയറുകൾ ഓഗസ്റ്റ് 16 മുതൽ 25 വരെയാണ്.

Sponsored

ഈ സർക്കാരിന്റെ രണ്ടുമാസത്തെ പ്രവർത്തന കാലയളവിൽ ഇതുവരെ 448.05 കോടി രൂപയാണ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിന് അനുവദിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രത്യേക താൽപര്യമെടുത്താണ് ഇത്രയും തുക അനുവദിച്ചത്. കഴിഞ്ഞ സർക്കാർ 2025-26 സാമ്പത്തികവർഷത്തിലാകട്ടെ, ആകെ അനുവദിച്ചത് 700 കോടി രൂപ മാത്രമാണ്. മാർക്കറ്റ് ഇടപെടലിന് 273 കോടി രൂപ. (സൗജന്യകിറ്റ് വിതരണത്തിന് 53 കോടി രൂപ ഉൾപ്പെടെ). നെല്ല് സംഭരണ സംസ്ഥാന പ്രോത്സാഹന ബോണസ് ഇനത്തിൽ 154.79 കോടി രൂപ. ഗതാഗത ചാർജ് ഇനത്തിൽ 20.26 കോടി രൂപ.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളിൽ ആദ്യലക്ഷ്യത്തിൽ റെക്കോർഡ് നേട്ടമാണ് ഭക്ഷ്യ വകുപ്പ് കൈവരിച്ചതെന്ന് മന്ത്രി പറഞ്ഞു. ആകെ 76,338 ഓൺലൈൻ അപേക്ഷകൾ ലഭിച്ചതിൽ 73,024 അപേക്ഷകൾ അംഗീകരിച്ച് മുൻഗണനാ റേഷൻകാർഡ് അനുവദിച്ചു. ഇത് സർവകാല റെക്കോഡാണ്. അതിൽ 1353 അപേക്ഷകൾ മതിയായ രേഖകൾ ഹാജരാക്കാൻ തിരിച്ചുനൽകി. 2011 എണ്ണം നിരസിച്ചു.

73,024 പുതിയ മുൻഗണനാ കാർഡുകാർക്കും അടുത്തമാസം മൂന്ന് മുതൽ സൗജന്യ റേഷൻ നൽകിത്തുടങ്ങും. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. കൂടുതൽ അർഹരായ ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷകൾ ലഭ്യമാക്കുന്നതിനായി ആർസിഎംഎസ് ഡാറ്റാബേസിൽ നിന്ന് സാധ്യതയുള്ളവരുടെ പട്ടിക വാർഡ് അടിസ്ഥാനത്തിൽ തരംതിരിച്ച് വാർഡ് അംഗങ്ങൾക്കും സിഡിഎസുകൾക്കും കൈമാറിയിട്ടുണ്ട്. അർഹരായവരെ കണ്ടെത്തി അപേക്ഷ സമർപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button