കുട്ടികളെ അപമാനിച്ചാണോ അനുമോദിക്കുക?’; ജലീലിനെതിരെ കേസെടുക്കണം, ഈ ഷോയ്ക്ക് മാപ്പ് പറഞ്ഞേ തീരൂവെന്ന് എംഎസ്എഫ്.

പാലക്കാട്: മണ്ണാർക്കാട്ടെ പൊതുപരിപാടിക്കിടെ വിദ്യാർത്ഥിയെ പരസ്യമായി അപമാനിച്ച മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ടി. ജലീലിനെതിരെ കേസെടുക്കണമെന്ന് എം. എസ്. എഫ് ആവശ്യപ്പെട്ടു. കായികമായി ഉപദ്രവിച്ചത് ബാലാവകാശ ലംഘനമാണെന്ന് എം. എസ്. എഫ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അമീൻ റാഷിദ് പ്രതികരിച്ചു. ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
കുട്ടികളുടെ ആത്മാഭിമാനത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്ന തരത്തിലുള്ള പെരുമാറ്റം മുൻ മന്ത്രിയിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്നു. കുട്ടികളെ പഠിപ്പിക്കേണ്ടത് അപമാനത്തിലൂടെയോ ഭയപ്പെടുത്തലിലൂടെയോ അല്ല, മറിച്ച് പ്രോത്സാഹനത്തിലൂടെയും സ്നേഹത്തോടെയും ആത്മവിശ്വാസം വളർത്തിക്കൊണ്ടുമാണ്. സമൂഹത്തിന് മാതൃകയാകേണ്ടവർ ഇത്തരം മൂല്യങ്ങളാണ് ഉയർത്തിപ്പിടിക്കേണ്ടതെന്നും അമീൻ റാഷിദ് ചൂണ്ടിക്കാട്ടി.
“കുട്ടികളെ അപമാനിച്ചിട്ടാണോ അനുമോദിക്കുക? ഇതെന്ത് മുൻ മന്ത്രിയാണ്?” എന്ന് അമീൻ റാഷിദ് ചോദ്യമുയർത്തി. കഴിഞ്ഞ സർക്കാരിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും അദ്ദേഹം ചോദിച്ചു. വിദ്യാർത്ഥികളെ മാനസികമായി തകർക്കുന്നതും ചെവിയിൽ നുള്ളുന്നതുമൊന്നും അംഗീകരിക്കാനാവില്ല. വിദ്യാർത്ഥിയോട് എന്തോ ദേഷ്യമുള്ളതു പോലെയാണ് കെ. ടി. ജലീൽ പെരുമാറിയതെന്നും മണ്ണാർക്കാട് കാണിച്ച ഈ കാണിക്കലിന് കെ. ടി. ജലീൽ മാപ്പ് പറഞ്ഞേ പറ്റൂ എന്നും എം. എസ്. എഫ് വ്യക്തമാക്കി.
മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യവേയാണ് വിവാദമായ സംഭവമുണ്ടായത്. സദസ്സിലിരുന്ന കുട്ടികളോട് വേദിയിൽ നിന്ന് കെ. ടി. ജലീൽ “എടോ, നിനക്ക് അഡ്രസ് എഴുതാൻ അറിയോ?” എന്ന് ചോദിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ വേദിയിലേക്ക് വിളിച്ച് ഹിന്ദിയിൽ മാതാപിതാക്കളുടെ പേരും അഡ്രസ്സും എഴുതാൻ ആവശ്യപ്പെട്ടു. ചില തെറ്റുകൾ വന്നപ്പോൾ കുട്ടിയെ വേദിയിൽ വച്ച് ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇതിന് പിന്നാലെ മുൻ മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്.
Short Brief
MSF Palakkad leadership has demanded legal action against former Higher Education Minister K.T. Jaleel for allegedly publicly humiliating and physically pinching a student during a felicitation event at Mannarkkad. Calling his action a violation of child rights, MSF demanded a self-cognizant case by the Child Rights Commission and an unconditional apology from Jaleel, stating that encouraging children requires affection and confidence rather than fear and public insult.
(With inputs from MN)
For more details: The Indian Messenger



