
കൊച്ചി: മോഹൻലാലും മീരാ ജാസ്മിനും പ്രധാന വേഷങ്ങളിൽ എത്തുന്ന, തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മോഹൻലാൽ മീരാ ജാസ്മിനെ സാരിയുടുക്കാൻ സഹായിക്കുന്ന കൗതുകകരവും ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്നതുമായ ഒരു മുഹൂർത്തമാണ് പോസ്റ്ററിലുള്ളത്.

സാധാരണ വീടുകളിലൊക്കെ ഇത്തരത്തിലുള്ള മുഹൂർത്തങ്ങൾ ഉണ്ടാകാറുണ്ട്. ഭാര്യയെ വസ്‌ത്രമുടുക്കാൻ സഹായിക്കുന്ന ഭർത്താവ്, ചിലപ്പോൾ ഭാര്യ പറയും “ദേ… ഈ സാരി ഒന്നു പിടിച്ചിടാമോ” എന്ന്. അനുസരണയോടെ അത് ചെയ്യുന്ന ഭർത്താവ് ഒരു നല്ല കുടുംബ ജീവിതത്തിൽ സർവ്വ സാധാരണമാണ്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ പ്രേക്ഷകരെ ഏറെ ആകർഷിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ച് വൈറലായിരിക്കുകയാണ്.
ചിരിയും ചിന്തയും നൽകുന്ന ഈ പോസ്റ്റർ ഒരു മികച്ച കുടുംബ ചിത്രത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ‘അതിമനോഹരം’ എന്ന നാമധേയത്തെ ഏറെ അന്വർത്ഥമാക്കും വിധത്തിലുള്ളതാണ് ഈ സെക്കൻഡ് ലുക്ക്. ‘ലൗലജൻ പി.സി.’ എന്ന പൊലീസ് സബ് ഇൻസ്പക്ടറുടെ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാൽ കൈയ്യാളുന്നത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവും കോർത്തിണക്കിക്കൊണ്ടാണ് തരുൺ മൂർത്തി ഈ ചിത്രം അവതരിപ്പിക്കുന്നത്. കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പും ഭംഗിയുമൊക്കെ ഈ ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം തന്നെയാണ്. അത്തരത്തിലൊരു മനോഹരമായ കൂട്ടുകെട്ടാണ് മോഹൻലാലും മീരാ ജാസ്മിനും ഒത്തുചേരുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷകൾക്കൊപ്പം നീതി പുലർത്തുവാൻ അണിയറ പ്രവർത്തകർ ശ്രമിച്ചിരിക്കുന്നുവെന്ന് ഈ പോസ്റ്ററിലൂടെ പൂർണ്ണമായും വിശ്വസിക്കാം.
ലാലു അലക്സ്, മനോജ് കെ. ജയൻ, മുകേഷ്, ജഗദീഷ്, ഇർഷാദ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളായെത്തുന്നു. ‘ഇഷ്ക്’, ‘ആലപ്പുഴ ജിംഖാന’, ‘മഹാറാണി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. ജെയ്ക്സ് ബിജോയ്‌സ് സംഗീതവും ഷാജികുമാർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. എഡിറ്റിംഗ് വിവേക് ഹർഷനും ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദുമാണ്. കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ മഷർ ഹംസ, കോ-ഡയറക്ടർ ബിനു പപ്പൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ മിറാഷ് ഖാൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ അനസ് വി., സ്റ്റിൽസ് അമൽ സി. സദർ, പ്രൊഡക്ഷൻ മാനേജർ ജോമോൻ ജോയ് ചാലക്കുടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.
Short Brief
The second-look poster of director Tharun Moorthy’s upcoming movie Athimanoharam, starring Mohanlal and Meera Jasmine, has been released and went viral on social media. Produced by Ashiq Usman under Ashiq Usman Productions, the poster beautifully captures a nostalgic and relatable family moment where Mohanlal’s character is seen helping Meera Jasmine drape her saree. Mohanlal plays a Police Sub-Inspector named Lovelajan P.C., and the film revolves around his official and family life. The movie features a stellar supporting cast with a screenplay by Ratheesh Ravi and music by Jakes Bejoy, and it will be distributed by Central Pictures.
(With inputs from Vazhoor Jose)
For more details: The Indian Messenger



