കൊല്ലത്ത് ഹോട്ടൽ മുറിയിൽ ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ.

കൊല്ലം: കൊല്ലം നഗരത്തിലെ ഒരു ഹോട്ടൽ മുറിയിൽ ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് മരണപ്പെടുകയും ഭാര്യയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആദിച്ചനല്ലൂർ സ്വദേശിയും ബംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ, ബംഗളൂരു വിശാൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സമീപം ആനന്തപുരം സർക്കിൾ ടി.സി. പാലിയയിൽ അനിൽകുമാർ (59) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ബീന (54) യെ ആദ്യം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില നിലവിൽ അതീവ ഗുരുതരമായി തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നഗരത്തിലെ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിലാണ് ദാരുണമായ ഈ സംഭവം വെളിച്ചത്തുവന്നത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന് കരുതുന്നതായി പോലീസ് വ്യക്തമാക്കി. മുറിയിൽ നിന്ന് ഒരു ആത്മഹത്യക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് ഈസ്റ്റ് പോലീസ് പറയുന്നത് ഇങ്ങനെയാണ്: അനിൽകുമാറും ബീനയും ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് ആപ്പ് വഴി കഴിഞ്ഞ ജൂൺ 30-നാണ് രണ്ട് ദിവസത്തേക്ക് മുറി ബുക്ക് ചെയ്തിരുന്നത്. തുടർന്ന് ജൂലൈ ഒന്നിന് കൊല്ലത്തെത്തിയ ഇരുവരും ഹോട്ടലിലെ ഒന്നാം നിലയിലെ ഡീലക്സ് റൂം നമ്പർ 102-ൽ താമസിച്ച് വരികയായിരുന്നു. ദിവസവും രാവിലെ ചായകുടിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ഇവർ പതിവായി പുറത്തിറങ്ങിയിരുന്നുവെന്നും, യാതൊരുവിധ അസ്വഭാവികതയും തോന്നിയിരുന്നില്ലെന്നുമാണ് ഹോട്ടൽ ജീവനക്കാരിൽ നിന്ന് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. എന്നാൽ, വെള്ളിയാഴ്ച രാവിലെ റൂം ചെക്ക് ഔട്ട് ചെയ്യുന്ന വിവരം പറയാനായി ഹോട്ടലധികൃതർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴും മുറിയിൽ തട്ടിയപ്പോഴും യാതൊരു പ്രതികരണവും ഉണ്ടായില്ല. തുടർന്ന് സംശയം തോന്നിയ ഹോട്ടൽ അധികൃതർ കൊല്ലം ഈസ്റ്റ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം ഹോട്ടൽ മുറിയുടെ വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് ഇരുവരെയും കട്ടിലിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മുറിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തത്. ഇരുവരെയും ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനിൽകുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. അനിൽകുമാറിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തെത്തുടർന്ന് പോലീസ് ഈ ഹോട്ടൽ മുറി പൂർണ്ണമായും സീൽ ചെയ്തിട്ടുണ്ട്. ശനിയാഴ്ച ഫോറൻസിക് വിദഗ്ദ്ധർ എത്തി മുറിയിൽ വിശദമായ പരിശോധന നടത്തും. ഇവർക്ക് വിഷം എവിടെ നിന്ന് ലഭിച്ചു എന്ന കാര്യവും, ഇവരുടെ ഫോൺ രേഖകളും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിക്കുമെന്ന് ഈസ്റ്റ് പോലീസ് അറിയിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ മക്കളായ ഹേമന്ദ്, മനീഷ് എന്നിവർ ശനിയാഴ്ച കൊല്ലത്തെത്തിയ ശേഷമേ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് കൂട്ടിച്ചേർത്തു.
Short Brief
A 59-year-old man died and his 54-year-old wife was hospitalized in critical condition after the couple allegedly consumed poison in a hotel room near the railway station in Kollam on Friday. The deceased has been identified as Anilkumar, a native of Adichanalloor settled in Bengaluru, and his wife Beena is currently undergoing treatment at the Thiruvananthapuram Medical College. The Kollam East police broke open the room after hotel staff received no response during checkout and recovered a suicide note indicating financial distress. An investigation into the unnatural death has been launched, with forensic examinations and reviews of phone records and CCTV footage underway.
(With inputs from MN)
For more details: The Indian Messenger



