പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയുടെ അനുകൂലിയുടെ ചെമ്മീൻ ഷെഡിന് അജ്ഞാതർ തീയിട്ടു.

കണ്ണൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയുടെ അനുകൂലിയുടെ ചെമ്മീൻ കെട്ടിനോട് ചേർന്നുള്ള ഷെഡിന് അജ്ഞാതർ തീയിട്ടു. മുൻ സി.പി.എം നേതാവായ ടി. പുരുഷോത്തമന്റെ ഉടമസ്ഥതയിലുള്ള ഷെഡാണ് ഇന്നലെ രാത്രി അജ്ഞാതർ കത്തിച്ചു ചാമ്പലാക്കിയത്. തീപിടുത്തത്തിൽ ഷെഡ് പൂർണ്ണമായും നശിച്ചു. സംഭവത്തിന് പിന്നിൽ മുൻ എം.എൽ.എ ടി.ഐ. മധുസൂദനന്റെ അറിവുണ്ടെന്നാണ് പുരുഷോത്തമന്റെ ആരോപണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചെമ്മീൻ കെട്ടിനോട് ചേർന്ന് സ്ഥാപിച്ച ഷെഡിൽ സ്ഫോടനം നടന്നതായാണ് പുരുഷോത്തമൻ പറയുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഷെഡിന്റെ ജനലുകൾ ഉൾപ്പെടെ തെറിച്ചു പോയിട്ടുണ്ട്. സാധാരണ തീപിടുത്തമുണ്ടായാൽ ഇങ്ങനെ സംഭവിക്കില്ലെന്നും, ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. കൂടാതെ, സാമൂഹിക മാധ്യമങ്ങളിലൂടെ തുടർച്ചയായി തനിക്ക് വധഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്റെ പേരിൽ ടി. പുരുഷോത്തമന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും അജ്ഞാതർ കത്തിക്കാൻ ശ്രമിച്ചിരുന്നു. അന്ന് വീട്ടുകാർ സമയത്തിന് എഴുന്നേറ്റ് തീയണച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്. മുൻ ഡി.വൈ.എഫ്.ഐ ജില്ലാ നേതാവും അന്തരിച്ച സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി ടി. ഗോവിന്ദന്റെ സഹോദരീ പുത്രനുമാണ് ടി. പുരുഷോത്തമൻ. പാർട്ടിയിലെ വിഭാഗീയതയെ തുടർന്ന് പുറത്തുപോയ അദ്ദേഹം പിന്നീട് സി.പി.എമ്മിലേക്ക് തിരിച്ചെത്തുകയായിരുന്നു.
English Summary
A shed on a shrimp farm owned by former CPI(M) leader T. Purushothaman, a supporter of Payyannur MLA V. Kunhikrishnan, was torched by unidentified miscreants in Payyannur. Purushothaman alleged that former MLA T.I. Madhusoodanan was involved in the conspiracy and claimed an explosive substance was used. This marks the second attack on his property after an earlier car-arson attempt. Police have launched an investigation.
For more details: The Indian Messenger



