ബിജെപി കൗൺസിലർ സുഗതന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും.

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. ചൊവ്വാഴ്ച രാവിലെ 11-നാണ് സുഗതന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഇതുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഒരുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. മാധ്യമപ്രവർത്തകർക്ക് സത്യപ്രതിജ്ഞാ ചടങ്ങ് കവർ ചെയ്യുന്നതിനായി പ്രവേശനാനുമതിയും നൽകിയിട്ടുണ്ട്.
ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജയിലിൽ വച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത് നിയമപ്രകാരം തെറ്റല്ലെന്നും ജനവിധി മാനിക്കേണ്ടതുണ്ടെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ കോടതി നേരത്തേ സർക്കാരിനോട് നിർദേശിച്ചിരുന്നു.
സത്യപ്രതിജ്ഞ ചെയ്യുന്നതിന് ജയിലിൽ നിന്ന് വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്. നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ ചെയ്യണമെന്ന വിധി നടപ്പാക്കണമെന്നും കാപ്പ ചുമത്തി ജയിലിൽ അടച്ചതു കാരണം സത്യപ്രതിജ്ഞ ചെയ്യാനാകുന്നില്ലെന്നും അപേക്ഷയിൽ സുഗതൻ വ്യക്തമാക്കിയിരുന്നു. കേസ് പരിഗണിച്ചപ്പോൾ സർക്കാരിന്റെ നിലപാട് കോടതി ആരാഞ്ഞു. സുഗതനെതിരെ കാപ്പ ചുമത്തുന്നത് അടക്കമുള്ള കേസുകൾ രജിസ്റ്റർ ചെയ്തത് തിരഞ്ഞെടുപ്പിന് മുൻപല്ലേ എന്ന് കോടതി ചോദിച്ചു. നാമനിർദേശ പത്രികയിൽ കേസ് വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ലേ എന്നും, തിരഞ്ഞെടുപ്പിൽ സുഗതൻ വിജയിച്ച സാഹചര്യത്തിൽ ജനവിധി മാനിക്കേണ്ടേ എന്നും കോടതി ആരാഞ്ഞു.
ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനാണ് സുഗതൻ അടക്കമുള്ള ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി നേരത്തെ റദ്ദാക്കിയത്. നേരത്തെ നെടുമങ്ങാട് കോടതി സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ 13-ന് വൈകിട്ട് 5 മുതൽ ജൂലൈ 14 രാത്രി 9 വരെയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യം ലഭിച്ചെങ്കിലും കാപ്പ കേസിൽ ഹൈക്കോടതി അനുമതി നൽകിയാൽ മാത്രമേ സുഗതന് സത്യപ്രതിജ്ഞാ ചടങ്ങിന് എത്താൻ കഴിയൂ എന്ന സാഹചര്യത്തിലാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
Short Brief
The Kerala High Court has granted permission for Thiruvananthapuram Corporation BJP Councillor R. Sugathan, who is currently detained under the KAAPA Act, to take his oath at Viyyur Central Jail on Tuesday at 11 AM. A bench headed by Justice P. V. Kunhikrishnan observed that administering the oath inside jail is legally permissible and that the public mandate must be respected. The court directed the government to make all necessary arrangements and granted access to accredited media personnel to cover the swearing-in ceremony.
(With inputs from MN)
For more details: The Indian Messenger



