ശാസ്ത്രീയ മാലിന്യ പരിപാലനത്തിന് ഏകോപിത പ്രവർത്തനം അനിവാര്യം: മുഖ്യമന്ത്രി വി.ഡി. സതീശൻ.

തിരുവനന്തപുരം: ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 സംബന്ധിച്ച മേഖലാതല ശില്പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം, വഴുതക്കാട് ശ്രീമൂലം ക്ലബ്ബിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസന അജണ്ടയിൽ ഏറ്റവും പ്രധാനപ്പെട്ട മുൻഗണനകളിലൊന്നാണ് ശാസ്ത്രീയ മാലിന്യ നിർമാർജ്ജനമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമായ കേരളത്തിൽ ശാസ്ത്രീയ മാലിന്യ സംസ്കരണം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വ്യക്തിശുചിത്വത്തിനപ്പുറം സാമൂഹിക ശുചിത്വം ഓരോ പൗരന്റെയും ഉത്തരവാദിത്തമായി മാറണമെന്നും പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന ദുശ്ശീലങ്ങളിൽ മാറ്റമുണ്ടായാൽ മാത്രമേ കേരളത്തെ ഹരിതകേരളമാക്കി മാറ്റാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാലിന്യ സംസ്കരണരംഗത്ത് കൂടുതൽ മുന്നേറ്റമുണ്ടാകേണ്ടതുണ്ടെന്നും റെസിഡന്റ്സ് അസോസിയേഷനുകൾ ഉൾപ്പെടെയുള്ള ജനകീയ കൂട്ടായ്മകൾ ഇതിൽ സജീവ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രീയമല്ലാത്ത മാലിന്യ സംസ്കരണ രീതികൾക്കോ കടലാസ് കമ്പനികൾ മുഖേനയുള്ള വ്യാജ സംസ്കരണ അവകാശവാദങ്ങൾക്കോ സർക്കാർ അംഗീകാരം നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ ജില്ലകളിലും നഗരസഭകളും ഗ്രാമപഞ്ചായത്തുകളും സംയുക്തമായി പ്രാദേശിക എതിർപ്പുകളില്ലാത്ത രീതിയിൽ ശാസ്ത്രീയ പ്ലാന്റുകൾ സ്ഥാപിക്കണം. 2026 ഏപ്രിൽ 1 മുതൽ നിലവിൽ വന്ന ഖരമാലിന്യ പരിപാലന ചട്ടങ്ങൾ സുസ്ഥിര വികസനത്തിനും പൊതുജനാരോഗ്യ സംരക്ഷണത്തിനും അനിവാര്യമാണെന്നും അത് കൃത്യമായി നടപ്പാക്കാൻ എല്ലാവരും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
തദ്ദേശസ്വയംഭരണ മന്ത്രി കെ.എം. ഷാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈദ്യുതി, പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ശ്രീകല എസ്, പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ശുചിത്വ മിഷൻ ഇ.ഡി. ഡോ. ബിനു ഫ്രാൻസിസ്, മെമ്പർ സെക്രട്ടറി ഡോ. രതീഷ് മേനോൻ എന്നിവർ സംസാരിച്ചു. ചട്ടങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മേഖലാ ശില്പശാലകൾ സംഘടിപ്പിക്കും.
For more details: The Indian Messenger



