ചവറ പൊന്മന കാട്ടിൽ മേക്കതിൽ ക്ഷേത്രം കടലാക്രമണ ഭീതിയിൽ; കടൽഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു.

ചവറ: പൊന്മന കാട്ടിൽ മേക്കതിൽ ക്ഷേത്രം കടുത്ത കടലാക്രമണ ഭീഷണിയിലാണ്. ക്ഷേത്രത്തിന്റെ തെക്ക്, വടക്ക് വശങ്ങളിൽ നടക്കുന്ന മണൽഖനനം മൂലം ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്ത് സ്ഥാപിച്ചിരുന്ന കടൽഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു. തിരമാലകൾ ക്ഷേത്രമതിലിനുള്ളിൽ പതിക്കുന്നത് ക്ഷേത്രത്തിന് വലിയ ഭീഷണിയാകുകയാണ്. ക്ഷേത്രമതിൽ ഏതുനിമിഷവും തകർന്നു വീഴാവുന്ന സ്ഥിതിയിലാണ് നിലവിലുള്ളത്. മൺസൂൺ കാലത്തെ കടലാക്രമണത്തെ ചെറുക്കാൻ കടൽഭിത്തി നിർമ്മാണം അടിയന്തിരമായി ആരംഭിക്കാൻ ജില്ലാ കളക്ടർ നേരിട്ടെത്തി നിർദ്ദേശം നൽകിയിട്ടും അധികൃതർ മെല്ലെപ്പോക്ക് സമീപനമാണ് തുടരുന്നത്. ദിനംപ്രതി ആയിരക്കണക്കിന് തീർത്ഥാടകർ എത്തുന്ന പൊന്മന കാട്ടിൽമേക്കതിൽ ദേവീക്ഷേത്രത്തിന്റെ ശ്രീകോവിലിന് പുറകിലെ കടൽത്തീരത്താണ് ശക്തമായ കടലാക്രമണം തുടരുന്നത്.
ക്ഷേത്രത്തിന് കടലാക്രമണത്തിൽ നിന്ന് സംരക്ഷണം നൽകിയിരുന്ന കടൽഭിത്തി ശക്തമായ തിരമാലകളിൽ കടലിൽ താണുപോയ നിലയിലാണ്. തുടർന്ന് ക്ഷേത്ര ഭരണസമിതിയുടെ ചെലവിൽ ചാക്കുകളിൽ മണ്ണ് നിറച്ച് അടുക്കിയാണ് കടലാക്രമണത്തെ നേരിട്ടത്. എന്നാൽ മൺസൂൺ മഴ ശക്തമായതോടെ തിരമാലകൾ വശങ്ങളിലൂടെ ക്ഷേത്രത്തിലേക്ക് അടിച്ചുകയറുകയാണ്. ജെ.സി.ബി ഉപയോഗിച്ച് മണ്ണുകൂട്ടിയാണ് കടൽവെള്ളം തടഞ്ഞിരിക്കുന്നത്. ഈ മൺതിട്ട കൂടി ഒലിച്ചുപോയാൽ ക്ഷേത്രവും പരിസരവും അപകടാവസ്ഥയിലാകും.
ക്ഷേത്ര ഭരണസമിതി കളക്ടറെ സന്ദർശിച്ച് നിലവിലെ സാഹചര്യം ബോധ്യപ്പെടുത്തുകയും കഴിഞ്ഞ ജൂലൈ 8-ന് ജില്ലാ കളക്ടർ ആനി ജൂല തോമസും സബ് കളക്ടർ അഖിൽ വി. മേനോനും നേരിട്ട് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. അടിയന്തരമായി സീവാൾ നിർമ്മാണം നടത്താനും ഇതിനായി കെ.എം.എം.എല്ലിലെ പ്രത്യേക ഫണ്ടിൽനിന്ന് രണ്ട് കോടി രൂപ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിലേക്ക് ഡെപ്പോസിറ്റ് ചെയ്യാനും ഇറിഗേഷൻ വകുപ്പ് വഴി അടിയന്തരമായി നിർമ്മാണം നടത്താനുമായിരുന്നു നിർദ്ദേശം.
പുരാതനമായ ക്ഷേത്രത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിന് കടൽഭിത്തി ബലപ്പെടുത്തുന്നതിനും പുലിമുട്ട് നിർമ്മിക്കാനുമായി 3,90,00,000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും 87,50,000 രൂപ ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിൽ ഡിപ്പോസിറ്റ് ചെയ്യുകയും ചെയ്തെങ്കിലും 25% പണി മാത്രമാണ് പൂർത്തീകരിക്കാൻ കഴിഞ്ഞത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രഭരണ സമിതിയുടെ നിരന്തര ആവശ്യത്തെ പരിഗണിച്ച് 2026-ൽ ക്ഷേത്രത്തിൽ വെച്ച് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. അടിയന്തിര സാഹചര്യം പരിഗണിച്ച് ക്ഷേത്ര സംരക്ഷണത്തിനായി രണ്ട് കോടി രൂപ ജലസേചനവകുപ്പിന് കൈമാറ്റം ചെയ്യാമെന്ന് പറഞ്ഞിരുന്നെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. കോസ്റ്റൽ പ്രൊട്ടക്ഷൻ പ്രവർത്തികൾ ഇറിഗേഷൻ വകുപ്പിന്റെ കീഴിലാണ് നടത്തേണ്ടതെങ്കിലും ഇവരുടെ അനാസ്ഥ മൂലം ക്ഷേത്രത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ക്ഷേത്രഭാരവാഹികൾ പറയുന്നു.
For more details: The Indian Messenger



