
ചവറ: തേവലക്കര പഞ്ചായത്തിലെ അരിനല്ലൂർ അഷ്ടമുടി കായലിന്റെ ഭാഗമായ എക്കപ്പുറം കായൽത്തീരത്ത് മുതലയുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വനപാലക സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനിലിന്റെ നേതൃത്വത്തിൽ കോന്നി ഫോറസ്റ്റ് സ്റ്റേഷനിലെ എസ്.എഫ്.ഒ ഉൾപ്പെട്ട സംഘമാണ് പരിശോധനയ്‌ക്കെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലായി കായലിൽ മുതലയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പ്രദേശത്ത് അടിയന്തര പരിശോധന നടത്തിയത്. വനപാലക സംഘം കായൽത്തീരത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് മുതലയുടെ സഞ്ചാരസാദ്ധ്യത, കാൽപ്പാടുകൾ, ജലാശയത്തിന്റെ ഭൂപ്രകൃതി എന്നിവ വിലയിരുത്തുകയും പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
പ്രദേശത്ത് വരും ദിവസങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്നും ആവശ്യമായാൽ പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.
ജാഗ്രതാ നിർദേശം
കായലിൽ മത്സ്യബന്ധനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദേശിച്ചു. ആരും ഒറ്റയ്ക്ക് കായൽത്തീരത്ത് ഇറങ്ങുകയോ രാത്രികാലങ്ങളിൽ അനാവശ്യമായി സഞ്ചരിക്കുകയോ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തേവലക്കര ഗ്രാമപഞ്ചായത്തും വനം വകുപ്പും സംയുക്തമായി സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. ആവശ്യമെങ്കിൽ തുടർ നടപടികൾ സ്വീകരിക്കും.
English Summary
A crocodile was spotted near the Ekkapuram banks of the Ashtamudi Lake in Arinalloor, Thevalakkara panchayat, spreading panic among local residents. Following reports from villagers, a forest department team from Konni Forest Station led by SFO and Thevalakkara Panchayat President S. Anil inspected the area to evaluate footprints and terrain conditions. The forest department has heightened surveillance and issued a strict safety alert advising locals against going near the lake alone or traveling around the banks during night hours.
For more details: The Indian Messenger



