
ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ഐ ആം ഗെയി’മിന്റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം 2026 സെപ്റ്റംബർ 3-ന് ആഗോള തലത്തിൽ വമ്പൻ റിലീസായി തിയേറ്ററുകളിലെത്തും. നേരത്തെ ഓണം റിലീസായി ഓഗസ്റ്റ് 20-ന് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം, കൂടുതൽ വലിയ പാൻ-ഇന്ത്യൻ റിലീസ് ഒരുക്കുന്നതിന്റെ ഭാഗമായാണ് രണ്ടാഴ്ച കൂടി നീട്ടിയത്. ദുൽഖറിന്റെ തന്നെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ഫാന്റസി ത്രില്ലർ, അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളില ഒന്നാണ്. നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ചിത്രം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ തിരക്കഥയൊരുക്കിയ ചിത്രത്തിന് സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. ആഗോള തലത്തിൽ കൂടുതൽ മാർക്കറ്റുകളിലേക്കും പ്രേക്ഷകരിലേക്കും വിപുലമായ രീതിയിൽ ചിത്രം എത്തിക്കുന്നതിനാണ് സെപ്റ്റംബർ 3-ലേക്ക് തീയതി മാറ്റിയതെന്ന് ദുൽഖർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രത്തിന് അർഹിക്കുന്ന വലിയ പ്ലാറ്റ്ഫോം നൽകാനാണ് ഈ തീരുമാനമെന്ന് നിർമ്മാതാക്കളും അറിയിച്ചു.
ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും ആദ്യ ഗാനത്തിനും മികച്ച പ്രതികരണമാണ് സിനിമാ പ്രേമികളിൽ നിന്ന് ലഭിക്കുന്നത്. അഞ്ച് ഭാഷകളിൽ പുറത്തിറങ്ങിയ ട്രെയിലർ പാൻ-ഇന്ത്യൻ തലത്തിൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കോരിത്തരിപ്പിക്കുന്ന ആക്ഷൻ, ചേസ് രംഗങ്ങളും ഉൾപ്പെടുത്തിയ ട്രെയിലർ വലിയൊരു തിയേറ്റർ അനുഭവമായിരിക്കും ചിത്രം സമ്മാനിക്കുക എന്ന സൂചനയാണ് നൽകുന്നത്. മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള സ്റ്റൈലിഷ് ഫാന്റസി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ തികച്ചും വ്യത്യസ്തവും മാസ് ആയ ലുക്കിലുമാണ് ദുൽഖർ സൽമാൻ എത്തുന്നത്.
For more details: The Indian Messenger



