മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ പരാതി.

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായി. മരുന്ന് മാറി നൽകിയെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ ജേക്കബ് ആന്റണിക്കെതിരെ ഇരിഞ്ചയം സ്വദേശി ഷീല പരാതി നൽകിയിരിക്കുന്നത്. ആരോഗ്യ മന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ഷീല ആരോപിക്കുന്നു. സ്വന്തം വീട്ടിൽ വെച്ചാണ് ഡോക്ടർ ഷീലയ്ക്ക് ചികിത്സ നൽകിയത്. മരുന്നിന്റെ റിയാക്ഷനാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ഡോക്ടർ വിശദീകരിക്കുന്നത്.
മരുന്ന് കഴിച്ച ഷീലയുടെ കാഴ്ച നഷ്ടമാവുകയും ശരീരമാസകലം പൊട്ടിയൊലിക്കുകയും ചെയ്തു. മുട്ടുവേദനയ്ക്ക് ആമവാതത്തിന്റെ മരുന്നാണ് നൽകിയതെന്ന് ഷീല പറയുന്നു. കൃത്യമായി രോഗം നിർണയിക്കാതെയാണ് ഡോക്ടർ മരുന്ന് നൽകിയതെന്നാണ് ഷീലയുടെ ആരോപണം. മരുന്ന് കഴിച്ച് അഞ്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ അവസ്ഥ ഗുരുതരമായി. ഇത്രയും നാൾ പരാതി പറയാതിരുന്നത് ചികിത്സ നിഷേധിക്കപ്പെടുമെന്ന് ഭയന്നാണെന്നും ഷീല വ്യക്തമാക്കുന്നു.
തനിക്ക് പ്രവർത്തിപരിചയം (എക്സ്പീരിയൻസ്) ഉള്ളതിനാൽ പ്രത്യേക രോഗനിർണയത്തിന്റെ ആവശ്യമില്ലെന്നാണ് ഡോക്ടറുടെ വിശദീകരണം. ഷീലയ്ക്ക് നൽകിയത് സന്ധിവാദത്തിന്റെ മരുന്നാണെന്നും, നൽകിയ മരുന്നിന്റെ റിയാക്ഷനാണ് ഷീലയുടെ അവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം സമ്മതിക്കുന്നു. രോഗിക്ക് ഇങ്ങനെ സംഭവിച്ചതിൽ വിഷമമുണ്ടെന്നും ഡോക്ടർ ജേക്കബ് ആന്റണി പറഞ്ഞു.
For more details: The Indian Messenger



