മുരസു ചുഴലിക്കാറ്റ് ആന്ധ്രാതീരത്ത് കരതൊട്ടു; ഓംഗോളിലും പരിസരങ്ങളിലും അതിശക്തമായ കാറ്റും മഴയും, കേരളത്തിലും മഴ മുന്നറിയിപ്പ്.

അമരാവതി: ആന്ധ്രാപ്രദേശിലെ ഓംഗോൽ തീരത്ത് ‘മുരസു’ ചുഴലിക്കാറ്റ് കരതൊട്ടു. പുലർച്ചെ നാല് മണിയോടെയാണ് ചുഴലിക്കാറ്റിന്റെ മധ്യഭാഗം കരയിൽ എത്തിയത്. ഓംഗോളിലും പരിസര പ്രദേശങ്ങളിലും അതിശക്തമായ കാറ്റും മഴയും തുടരുകയാണ്. നെല്ലൂർ, കൃഷ്ണ, പ്രകാശം, ബാപട്ല എന്നീ പ്രദേശങ്ങളിലുള്ളവരെ മുൻകരുതലിന്റെ ഭാഗമായി നേരത്തെ തന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു. തമിഴ്നാട്ടിലും ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏഴു ജില്ലകളിലും പുതുച്ചേരിയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുവണ്ണാമലൈ, കള്ളാക്കുറിച്ചി, വില്ലുപുരം, കടലൂർ, സേലം എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട് ഉള്ളത്. അതേസമയം, ചെന്നൈ, തിരുവള്ളൂർ എന്നിവിടങ്ങളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് 19 വിമാന സർവീസുകൾ റദ്ദാക്കി. വിജയവാഡ, തിരുപ്പതി, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത്. തീരദേശ മേഖലയിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളും നിർത്തിവെച്ചു.
അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പുകൾ നൽകിയിട്ടില്ല. എന്നാൽ, വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ വീണ്ടും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം വിവിധയിടങ്ങളിൽ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ വിലക്കില്ല.
For more details: The Indian Messenger



