INDIA NEWSSTORY & POEMSTOP NEWS

എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്; പുരസ്‌കാരം നൽകുന്നത് സമഗ്ര സംഭാവന മുൻനിർത്തി.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഏറ്റവും ഉയർന്ന സാഹിത്യ ബഹുമതിയായ 2026-ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് പ്രശസ്ത എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

കഴിഞ്ഞ വർഷത്തെ പുരസ്‌കാര ജേതാവ് കൂടിയായ കവി കെ.ജി. ശങ്കരപിള്ള (കെ.ജി.എസ്) അധ്യക്ഷനായ ജൂറിയാണ് മേതിലിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്. എഴുത്തുകാരായ കൽപ്പറ്റ നാരായണൻ, കെ. സച്ചിദാനന്ദൻ, സാറാ ജോസഫ് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ; എം.പി. സുരേന്ദ്രൻ മെമ്പർ സെക്രട്ടറിയായും പ്രവർത്തിച്ചു.

തന്റേതായ സൗന്ദര്യബോധത്തിലൂടെയും മൂർച്ചയുള്ള ബുദ്ധിശക്തിയിലൂടെയും മേതിൽ രാധാകൃഷ്ണൻ മലയാള സാഹിത്യത്തിന് പുതിയൊരു സംവേദനക്ഷമത നൽകിയെന്ന് ജൂറി വിലയിരുത്തി. ശാസ്ത്രം, തത്ത്വചിന്ത, മനഃശാസ്ത്രം എന്നിവയെ സർഗ്ഗാത്മകമായി സംയോജിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ഉത്തരാധുനിക കാലഘട്ടത്തിലെ മലയാള എഴുത്തിൽ അദ്ദേഹം നിർണ്ണായകമായ ഒരു സാന്നിധ്യമാണ്. നോവലുകൾ, ചെറുകഥകൾ, കവിതകൾ, ശാസ്ത്ര ലേഖനങ്ങൾ എന്നിവയെല്ലാം രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സൃഷ്ടികളിലുടനീളം ഒരു വേറിട്ട തത്ത്വചിന്ത കടന്നുപോകുന്നുണ്ടെന്നും, ഇന്നും നാളെയുമുള്ള തലമുറകൾക്കായുള്ള എഴുത്തുകാരനാണ് അദ്ദേഹമെന്നും ജൂറി അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി മലയാള ഭാഷയെ നവീകരിച്ചുകൊണ്ടിരിക്കുന്ന മേതിൽ, മലയാളത്തിന് പുതിയൊരു കാവ്യഭാഷ സൃഷ്ടിച്ച എഴുത്തച്ഛന്റെ പേരിലുള്ള പുരസ്‌കാരത്തിന് പൂർണ്ണമായും അർഹനാണെന്നും ജൂറി ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിരുചികളെ നിരന്തരം നവീകരിക്കാൻ പ്രേരിപ്പിക്കുന്ന മേതിലിന്റെ കൃതികൾ മലയാള സാഹിത്യ സംവേദനക്ഷമതയിലെ ഒരു വലിയ മാറ്റത്തെ അടയാളപ്പെടുത്തുന്നു. 1993-ൽ ആരംഭിച്ച ഈ പുരസ്‌കാരം ആദ്യമായി ലഭിച്ചത് സൂരനാട് കുഞ്ഞൻപിള്ളയ്ക്കാണ്. പുരസ്‌കാരം ലഭിക്കുന്ന 34-ാമത്തെ വ്യക്തിയാണ് മേതിൽ രാധാകൃഷ്ണൻ.

കഥയോ നോവലോ ചെറിയ കുറിപ്പോ ആകട്ടെ, എഴുതുന്ന എല്ലാറ്റിലും മേതിൽ ഒരു കവിയാണെന്ന് ജൂറി വിലയിരുത്തി. ചെറുകഥയുടെ ശില്പിയെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ‘സംഗീതം ഒരു സമയകലയാണ്’, ‘ഹിച്ച്കോക്കിന്റെ ഇടപെടൽ’, ‘കയറിന്റെ അറ്റം’, ‘നായകന്മാർ ശവപ്പെട്ടിയിൽ’, ‘മെലിഞ്ഞവരുടെ മനഃശാസ്ത്രം’, ‘എങ്ങനെ ഒരു പഴുതാരയെ കൊല്ലം’ തുടങ്ങിയ കൃതികൾ അദ്ദേഹത്തിന് മാത്രം നിർമ്മിക്കാൻ കഴിയുന്ന ബഹുമുഖ മാനങ്ങളുള്ള സൃഷ്ടികളാണ്. ലോകകവിത, തത്ത്വചിന്ത, പരിസ്ഥിതി, സംഗീതം, നരവംശശാസ്ത്രം, ചരിത്രം, കീടപഠനം എന്നിവയിലുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള താൽപ്പര്യമാണ് അദ്ദേഹത്തിന്റെ നോവലുകളെ സവിശേഷമാക്കുന്നത്.

1944 ഓഗസ്റ്റ് 24-ന് പാലക്കാട് ആലത്തൂരിലെ പുതിയങ്കത്തിൽ പരക്കാട്ട് ഗോവിന്ദമേനോന്റെയും മേതിൽ കമലയുടെയും മകനായാണ് മേതിൽ രാധാകൃഷ്ണൻ ജനിച്ചത്. ചിറ്റൂർ ഗവൺമെന്റ് കോളേജ്, തൃശ്ശൂർ കേരളവർമ്മ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഒരു നോർവീജിയൻ ഷിപ്പിംഗ് കമ്പനിയിലെ കമ്പ്യൂട്ടർ വിഭാഗം തലവനായും യു.എസ്.എയിലെ നെസ്റ്റ് സോഫ്റ്റ്‌വെയറിന്റെ മദ്രാസ് ശാഖയിൽ സീനിയർ ടെക്‌നിക്കൽ റൈറ്ററായും അദ്ദേഹം വർഷങ്ങളോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

‘സൂര്യവംശം’, ‘ചുവന്ന വിദൂഷകരുടെ അഞ്ചാംപതി’, ‘ബ്രാ’, ‘പെൻഗ്വിൻ’, ‘ഡിലൻ തോമസിന്റെ പന്ത്’, ‘മേതിൽ കഥകൾ’, ‘മേതിൽ കവിതകൾ’, ‘രോമം’, ‘ദൈവം മനുഷ്യൻ യന്ത്രം’, ‘ആൽബട്രോസിന്റെ കരച്ചിൽ’, ‘മൂന്നുവര’, ‘സൂര്യമത്സ്യത്തെ വിവരിക്കൽ’, ‘ ചൂണ്ടുന്ന എലി ചൂണ്ടെലി’, ‘ഇവിടെ ഒരു വവ്വാൽ ഇല്ല’, ‘സീബ്ര ക്രോസിംഗ്’ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. പത്നി പ്രഭാവതി നേരത്തെ അന്തരിച്ചു. ജൂലിയൻ, പരേതയായ ജൂൺ എന്നിവരാണ് മക്കൾ.

For more details: The Indian Messenger

Related Articles

Back to top button