FILMS & ENTERTAINMENT

ഇന്ത്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമത് ചിത്രം ‘അക്ഷരംപ്രതി’ക്ക് കൊച്ചിയിൽ തുടക്കമായി.

കൊച്ചി: ഇന്ത്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാനും ഷിയാസ് ഹസ്സനും ചേർന്ന് നിർമ്മിച്ച്, നവാഗതയായ രേഷ്‌മ ശിവകുമാർ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അക്ഷരംപ്രതി’ എന്ന അഞ്ചാമത് ചിത്രത്തിന് തുടക്കമായി. നവംബർ 23 തിങ്കളാഴ്ച കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ നടന്ന പൂജ ചടങ്ങിൽ പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. നിർമ്മാതാക്കളായ ടിപ്പു ഷാനും ഷിയാസ് ഹസ്സനും ചേർന്ന് ഫസ്റ്റ് ക്ലാപ്പ് നൽകി.

ജീത്തു ജോസഫിന്റെ സഹായിയായിട്ടാണ് രേഷ്‌മ തന്റെ ചലച്ചിത്ര ജീവിതത്തിന് തുടക്കം കുറിക്കുന്നത്. “ജീത്തു സാറിന്റെ കൂടെ വർക്ക് ചെയ്യാനായി ഞാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ‘നീ കുറച്ചു ദിവസം വന്നു നിന്നു നോക്ക്’ എന്നാണ് സർ പറഞ്ഞത്. ആ വാക്കാണ് എനിക്ക് സാറിനോടൊപ്പം പ്രവർത്തിക്കാൻ സാഹചര്യമൊരുക്കിയതും ഇന്ന് ഇവിടെ സംവിധായികയായി നിൽക്കാൻ അവസരമേകിയതും. ഇല്ലെങ്കിൽ ഞാൻ ഉണ്ടാകുമായിരുന്നില്ല,” എന്ന് രേഷ്‌മ ആമുഖത്തിൽ പറഞ്ഞു. രേഷ്‌മയുടെ എല്ലാ കഥകളും തന്നോട് ചർച്ച ചെയ്യാറുണ്ടെന്നും അതിനുവേണ്ടി പ്രവർത്തിച്ചിട്ടുണ്ടെന്നും ജീത്തു ജോസഫ് ആശംസകൾ നേർന്നുകൊണ്ട് വ്യക്തമാക്കി. അഭിനേതാക്കളായ ബേബി ജീൻ, ഗ്രേസ് ആന്റണി, ശരത് സഭ, ഷാൻ റഹ്‌മാൻ, നായിക പുതുമുഖം ഗോപിക രമേഷ്, സംവിധായകരായ അനുരാജ് മനോഹർ, രോഹിത് ചന്ദ്രശേഖരൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു.

പൂർണ്ണമായും ഹ്യൂമർ ലൗ ജോണറിലുള്ള ചിത്രമാണിതെന്ന് സംവിധായിക രേഷ്‌മ ശിവകുമാർ പറഞ്ഞു. ജീവിതത്തെ അലസമായി കാണുന്ന ഒരു യുവാവിന്റെ ജീവിതത്തിൽ പ്രണയം നാമ്പിടുന്നതും, ആ പ്രണയം അവന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതുമാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

ബേബി ജീൻ നായകനാകുന്ന ഈ ചിത്രത്തിൽ ഗോപികാ രമേഷാണ് നായിക. ഗ്രേസ് ആന്റണി, ശരത് സഭ, മഞ്ജു പിള്ള, ഷാൻ റഹ്‌മാൻ, ഗംഗാ മീര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രേഷ്‌മ ശിവകുമാറും അരുൺ സി. എസും ചേർന്നാണ്. ജേക്സ് ബിജോയ് സംഗീതവും, ജിതേഷ് മംഗലപ്പിള്ളി ഛായാഗ്രഹണവും, ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. പ്രണവ് പറശ്ശിനിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. കലാസംവിധാനം എം. ബാവ, മേക്കപ്പ് ആർ. ജി. വയനാടൻ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ് എന്നിവർ കൈകാര്യം ചെയ്യുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ പ്രകാശ് കെ. മധു, സോണി സോളമൻ എന്നിവരും, പ്രൊഡക്ഷൻ എക്സിക്യൂട്ടീവുകൾ ബിജു കടവൂർ, സെന്തിൽ പൂജപ്പുര എന്നിവരുമാണ്. ഷിബു ജി. സുശീലനാണ് പ്രൊഡക്ഷൻ കൺട്രോളർ.

നവംബർ 26-ന് പാലക്കാട്ട് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ പാലക്കാട്, ചെന്നൈ എന്നിവിടങ്ങളിലായി പൂർത്തിയാകും.

For more details: The Indian Messenger

Related Articles

Back to top button