FILMS & ENTERTAINMENT

“ഇതിൽ എവിടെയാണ് അസ്വസ്ഥത?”: സംവിധായകൻ മിസ്കിനുമൊത്തുള്ള വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി കീർത്തി സുരേഷ്.

ചെന്നൈ: ഒരു ചടങ്ങിൽ വെച്ച് സംവിധായകനും നടനുമായ മിസ്കിൻ പ്രസംഗിക്കുന്നതിനിടെ തെന്നിന്ത്യൻ നടി കീർത്തി സുരേഷിനെ സ്പർശിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി നടി കീർത്തി സുരേഷ് രംഗത്തെത്തി. ‘അക്ക’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം കീർത്തി പ്രധാന വേഷത്തിലെത്തുന്ന ‘സത്യവാൻ സാവിത്രി’ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണാർത്ഥം ബുധനാഴ്ച ചെന്നൈയിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിലാണ് സംഭവം നടക്കുന്നത്. ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന മിസ്കിനും ചടങ്ങിൽ പങ്കെടുത്തിരുന്നു.

പ്രസംഗത്തിനിടെ മിസ്കിൻ കീർത്തിയെ പുകഴ്ത്തി സംസാരിക്കുകയും അതോടൊപ്പം നടിയുടെ കാൽമുട്ടിന് സമീപം കൈവെച്ച് സംസാരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതോടെ ചടങ്ങിൽ കീർത്തി അസ്വസ്ഥയായി കാണപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം ആളുകൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി.

തുടർന്ന് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് ഈ വീഡിയോ പങ്കുവെച്ചുകൊണ്ട്, “സിനിമയിൽ മറ്റ് രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ഇല്ലാത്ത അസ്വസ്ഥത ഒരാൾ ചെറുതായി ഒന്ന് തൊടുമ്പോൾ എന്തിനാണ് കാണിക്കുന്നത്? അവരുടെ മുഖം കണ്ടില്ലേ, വളരെ അസ്വാഭാവികമായി തോന്നുന്നു,” എന്ന രീതിയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഈ പോസ്റ്റിന് മറുപടിയായി കീർത്തി സുരേഷ് നേരിട്ട് രംഗത്തെത്തുകയായിരുന്നു. “ഒന്നാമതായി, എന്റെ മുഖത്ത് അസ്വസ്ഥതയുണ്ടെന്ന് നിങ്ങൾക്ക് എവിടെ നിന്നാണ് തോന്നിയത്? ഞങ്ങൾ തമ്മിൽ അച്ഛനും മകളും തമ്മിലുള്ള ബന്ധമാണുള്ളതെന്ന് അദ്ദേഹം പറയുന്നതും ഞാൻ പറയുന്നത് നിങ്ങൾ കേട്ടില്ലേ? രണ്ടാമതായി, ഇനി ഞാൻ അസ്വസ്ഥയായിരുന്നു എന്ന് തന്നെ ഇരിക്കട്ടെ, സിനിമകളിൽ സ്പർശിക്കുന്ന രംഗങ്ങളിൽ അഭിനയിക്കുന്നത് കൊണ്ട് പൊതുസ്ഥലങ്ങളിലും അത് അംഗീകരിക്കണം എന്നാണോ താങ്കൾ പറയുന്നത്? സഹോദരാ, നിങ്ങൾ നിങ്ങളുടെ ചിന്താഗതികൾ ആദ്യം തിരുത്തേണ്ടതുണ്ട്,” എന്ന് കീർത്തി തുറന്നടിച്ചു. നടിയുടെ മറുപടിക്ക് പിന്നാലെ പോസ്റ്റ് പിൻവലിച്ച ഉപയോക്താവ് കീർത്തിയോട് പരസ്യമായി മാപ്പ് പറഞ്ഞു.

“ക്ഷമിക്കണം മാഡം, എനിക്ക് തെറ്റായ ഉദ്ദേശങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. സാധാരണ ഞാൻ ഇത്തരം പോസ്റ്റുകൾ ഇടാറില്ല, എന്നാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിച്ചത് കൊണ്ടാണ് ഞാൻ പങ്കുവെച്ചത്,” എന്ന് ഉപയോക്താവ് കുറിച്ചു.

അതേസമയം, വിഷയം വ്യക്തമാക്കിക്കൊണ്ട് മറ്റൊരു സോഷ്യൽ മീഡിയ ഉപയോക്താവും രംഗത്തെത്തി. “കീർത്തി സുരേഷിന്റെ മറുപടിക്ക് കാരണം ഈ വീഡിയോ ആണ്. കമന്റ് സെക്ഷനിലുള്ള എല്ലാവർക്കും ഇതിൽ എന്തോ അസ്വാഭാവികത തോന്നിയിരുന്നു, കീർത്തിക്കും അത് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നിപ്പിച്ചു. എന്നാൽ ഇപ്പോൾ അവർ തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ്. അവിടെ അസ്വസ്ഥതയോ തെറ്റായ ഉദ്ദേശങ്ങളോ ഉണ്ടായിരുന്നില്ല,” എന്ന് അദ്ദേഹം കുറിച്ചു.

For more details: The Indian Messenger

Related Articles

Back to top button